SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.25 AM IST

ഇന്നിറങ്ങുന്നു; ഇതിഹാസങ്ങൾ

messi-cristiano

കൻസാസ് സിറ്റി/ ഹൂസ്റ്റൺ : ഈ ലോകകപ്പിലെ ഏറ്റവും ആവേശജനകമായ ദിവസമായിരിക്കുമിന്ന്. കാരണം ഈ കാലഘട്ടത്തിലെ രണ്ട് ഇതിഹാസങ്ങൾ തങ്ങളുടെ അവസാനത്തേതാകാവുന്ന ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി ഇന്നിറങ്ങുകയാണ്; ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അതിനുപിന്നാലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എല്ലിൽ ഇംഗ്ളണ്ടും ക്രൊയേഷ്യയും തമ്മിലും ഘാനയും പാനമയും തമ്മിലുമുള്ള പോരാട്ടങ്ങളും. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് അർജന്റീന അൾജീരിയയെ നേരിടുന്നത്. രാത്രി പത്തരയ്ക്ക് പോർച്ചുഗലും കോംഗോയും തമ്മിലുള്ള പോരാട്ടം. പിന്നാലെ പുലർച്ചെ ഒന്നരയ്ക്ക് ഇംഗ്ളണ്ട് ക്രൊയേഷ്യയെ നേരിടും.

കാത്തുകാത്തിരുന്ന് കിട്ടിയ ലോകകപ്പുമായി ഖത്തറിൽ നിന്ന് മടങ്ങിയ ലയണൽ മെസിയുടെ ആറാം ലോകകപ്പാണിത്. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ(26) കളിച്ച മെസിക്ക് വീണ്ടുമൊരു പട്ടാഭിഷേകത്തിന് അരങ്ങൊരുക്കാനാണ് കോച്ച് ലയണൽ സ്കലോണിയും സഹതാരങ്ങളും ഇറങ്ങുന്നത്. 2014ലെ ഫൈനൽ പ്രവേശനത്തിനും 2022ലെ കിരീട നേട്ടത്തിനും ചുക്കാൻ പിടിച്ച ഏൻജൽ ഡിമരിയ ഇക്കുറിയില്ലെന്നതാണ് അർജന്റീനയ്ക്ക് മുന്നിലുള്ള വെല്ലുവിളി.എന്നാൽ അൽവാരേസ്,മൊളിന, മക്അലിസ്റ്റർ,ലൗതാരോ, ഗ്വിലിയാനോ സിമയോണി, നിക്കോ പാസ്,എണസോ,പലാഷ്യോസ്, ഗോളി എമിലിയാനോ മാർട്ടിനെസ് തുടങ്ങി മികച്ച താരനിരതന്നെ മെസിക്കൊപ്പമുണ്ട്.

ആറാം ലോകകപ്പിനിറങ്ങുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഒരു കിരീടമുയർത്താൻ; ഒരുമിച്ചുനിൽക്കുകയാണെങ്കിൽ പോർച്ചുഗലിന് കഴിയേണ്ടതാണ്. 41കാരനായ ക്രിസ്റ്റ്യാനോ കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലും ഗോളടിച്ച ഏകതാരമാണ്. മികച്ച ടീമാണ് ഇക്കുറി പോർച്ചുഗലിന്. ബ്രൂണോ ഫെർണാണ്ടസ്, വിറ്റീഞ്ഞ, ബെർൻാഡോ സിൽവ, ഗോൺസാലോ റാമോസ്, യാവോ ഫെലിക്സ്, റാഫേൽ ലിയോ, പെട്രോ നെറ്റോ,ഡീഗോ കോസ്റ്റ,ഡീഗോ ദാലോട്ട് എന്നിങ്ങനെ നീളുന്നു താരനിര.

കാണാം മത്സരങ്ങൾ

അർജന്റീന Vs അൾജീരിയ

ഇന്ന് രാവിലെ 6.30 മുതൽ

ഓസ്ട്രിയ Vs ജോർദാൻ

രാവിലെ 9.30 മുതൽ

പോർച്ചുഗൽ Vs കോംഗോ

രാത്രി 10.30 മുതൽ

ഇംഗ്ളണ്ട് Vs ക്രൊയേഷ്യ

രാത്രി 1.30 മുതൽ

ഘാന Vs പാനമ

നാളെ പുലർച്ചെ 4.30ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MESSI CRISTIANO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360