
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം, ഗില്ലിന് അർദ്ധസെഞ്ച്വറിയും പരിക്കും
ബർമിംഗ്ഹാം : ട്വന്റി-20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇംഗ്ളണ്ടിന് എതിരെ ആദ്യ ഏകദിനത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം.
ഇന്നലെ ബർമിംഗ്ഹാമിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 47.5 ഓവറിൽ 258 റൺസിൽ ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 45.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 80 റൺസ് നേടി ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട ക്യാപ്ടൻ ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായത് വിജയത്തിലും ഇന്ത്യയ്ക്ക് സങ്കടമായി.സീനിയേഴ്സായ രോഹിത് ശർമ്മയും (11), വിരാട് കൊഹ്‌ലിയും (5) നിരാശപ്പെടുത്തിയെങ്കിലും വൈസ് ക്യാപ്‌ടൻ ശ്രേയസ് അയ്യർ (35), വാഷിംഗ്ടൺ സുന്ദർ(52 നോട്ടൗട്ട്),അക്ഷർ പട്ടേൽ (57നോട്ടൗട്ട്) എന്നിവരുടെ പോരാട്ടം ഇന്ത്യയ്ക്ക് പര്യടനത്തിലെ ആദ്യ വിജയം സമ്മാനിച്ചു. രണ്ടാം ഏകദിനം വ്യാഴാഴ്ച കാർഡിഫിൽ നടക്കും.
പുറത്താകാതെ 76 റൺസ് നേടിയ ജോ റൂട്ട്, ലിയാം ഡാസൺ (68),ബെൻ ഡക്കറ്റ് (43) എന്നിവർ ചേർന്നാണ് ഇംഗ്ളണ്ടിനെ 258 ലെത്തിച്ചത്. ടോസ് നേടിയിറങ്ങിയ ഇംഗ്ളണ്ടിനായി ഓപ്പണർമാരായ ബെൻ ഡക്കറ്റും ജേക്കബ് ബെഥേലും (14) കരുതലോടെയാണ് തുടങ്ങിയത്. 12.2-ാം ഓവറിൽ ടീം സ്കോർ 61ൽ വച്ച് ബെഥേലിനെ വാഷിംഗ്ടൺ സുന്ദറിന്റെ കയ്യിലെത്തിച്ച് ഗുർനൂർ ബ്രാറാണ് ഇംഗ്ളണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. എന്നാൽ പകരമെത്തിയ ജോ റൂട്ട് ആൾഔട്ടാകുന്നതുവരെ ഒരറ്റത്ത് നിന്നത് ആതിഥേയരെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി. പക്ഷേ മറ്റേ അറ്റത്ത് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്കായി. 12.4-ാം ഓവറിൽ ടീം സ്കോർ 63ലെത്തിയപ്പോൾ ബെൻ ഡക്കറ്റും ബ്രാറിന് ഇരയായി. 64ൽ വച്ച് ഹാരി ബ്രൂക്കിനെ(1) ബുറംയും 80ൽ വച്ച് ബട്ട്‌ലറെയും (5) സാം കറനേയും (0) പ്രസിദ്ധും പുറത്താക്കി.22-ാം ഓവറിൽ ദുബെ വിൽ ജാക്സിനെക്കൂടി പുറത്താക്കിയതോടെ ഇംഗ്ളണ്ട് 07/6 എന്ന നിലയിലായി. പക്ഷേ എട്ടാം വിക്കറ്റിൽ ഒരുമിച്ച റൂട്ട്- ഡാസൺ സഖ്യം 121 റൺസ് കൂട്ടിച്ചേർത്തതോടെ ആതിഥേയർ കരകയറി. 83 പന്തുകളിൽ ആറ് ഫോറും ഒരു സിക്സും പറത്തിയ ഡാസനെ പുറത്താക്കി അക്ഷർ പട്ടേലാണ് സഖ്യം പൊളിച്ചത്. തുടർന്ന് വാലറ്റത്തെ അക്ഷർ തന്നെ സംഹരിച്ചു. 76 പന്തുകൾ നേരിട്ട റൂട്ട് ആറ് ഫോറും ഒരു സിക്സും പറത്തിയാണ് പുറത്താകാതെ നിന്നത്.
നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അക്ഷർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടിയ ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ശിവം ദുബെയും ബൗളിംഗിൽ തിളങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |