
അഹമ്മദാബാദ്: ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി 15കാരൻ വൈഭവ് സൂര്യവംശി മാറിയിരിക്കുകയാണ്. ഇംഗ്ളണ്ട്, അയർലൻഡ് പര്യടനത്തിനുള്ള ടീമിലും ഏഷ്യൻ ഗെയിംസിനുള്ള സ്‌ക്വാഡിലും വൈഭവ് ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎൽ 2026 സീസണിൽ 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസാണ് താരം അടിച്ചെടുത്തത്. ഇത് വൈഭവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി മലർക്കെ തുറന്നുകൊടുത്തു. ലോകോത്തര ബൗളർമാരായ ബുംറ, ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, കഗീസോ റബാഡ എന്നിവരെയെല്ലാം ഒരു ദയയുമില്ലാതെയാണ് വൈഭവ് സിക്‌സർ പറത്തിയത്.
വൈഭവിന്റെ മികവുണ്ടായിട്ടും രാജസ്ഥാൻ റോയൽസിന് ഐപിഎൽ ഫൈനലിലെത്താനായില്ല. എന്നാൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലെ ഫൈനലിന് ശേഷം സൂപ്പർതാരം കൊഹ്‌ലി വൈഭവിനോട് സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഇതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൗമാരതാരം ഇപ്പോൾ. രാജസ്ഥാൻ റോയൽസ് മാനേജർ റോബി ബിന്ദറുമായി സംസാരിക്കവെയാണ് വൈഭവ് ഇക്കാര്യം പറഞ്ഞത്. 'ഞാൻ ആർസിബിയുടെ വലിയ ആരാധകനായിരുന്നു. സത്യത്തിൽ ഞാൻ വിരാട് കൊഹ്‌ലിയുടെ വലിയ ആരാധകനാണ്. വിരാട് ഭയ്യ എന്റെ തോളിൽ കൈയിട്ടപ്പോൾ, എന്നോട് സംസാരിച്ചപ്പോൾ അതൊരു സ്വപ്‌ന സാക്ഷാത്‌കാരമായി തോന്നി.'- വൈഭവ് പറഞ്ഞു.
'അദ്ദേഹം സംസാരിക്കുന്നത് കണ്ടാൽ വിരാട് കൊഹ്‌ലിയാണ് സംസാരിക്കുന്നതെന്ന് തോന്നില്ല. കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നതുമെല്ലാം ഒരു ജ്യേഷ്‌ഠനെപ്പോലെയാണ്. ഞാൻ എന്ത് ചെയ്യണമെന്നും ഏതെല്ലാം കാര്യത്തിൽ എനിക്ക് ശ്രദ്ധവേണമെന്നെല്ലാം അദ്ദേഹം പറഞ്ഞുതന്നു.'- വൈഭവ് കൂട്ടിച്ചേർത്തു. നേരത്തെ ഇരുവരും തമ്മിലെ സംഭാഷണം ആർസിബി അവരുടെ ഒഫീഷ്യൽ ഹാൻഡിലുകളിലും പങ്കുവച്ചിരുന്നു. ഇതിലും ഉയരങ്ങളിൽ നീ എത്തണം. ഇതുവരെ നീ എത്തിയതെല്ലാം നിന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ്. മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കേണ്ട. എന്നെല്ലാമാണ് കൊഹ്‌ലി താരത്തെ ഉപദേശിച്ചത്.
ഐപിഎല്ലിന് മുൻപ് അണ്ടർ19 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ 175 റൺസ് അടിച്ച് തകർപ്പൻ ഫോമിലെന്ന് താരം സൂചന നൽകിയിരുന്നു. ഐപിഎൽ കാണുമ്പോഴെല്ലാം എന്നെങ്കിലും തനിക്ക് ഓറഞ്ച് ക്യാപ് തൊടണമെന്നും അതെങ്ങനെയുണ്ടെന്ന് അറിയണമെന്നും താൽപര്യമുണ്ടായിരുന്നുവെന്നും ഇത്തവണ ഓറഞ്ച് ക്യാപ് നേടി താരം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |