SignIn
Kerala Kaumudi Online
Sunday, 14 June 2026 2.51 PM IST

മത്സരബുദ്ധിക്കപ്പുറത്തെ സ്പോർട്സ്മാൻ സ്പിരിറ്റ്; എതിരാളികളെപ്പോലും ആകർഷിക്കും വില്യംസണിന്റെ ആ സ്വഭാവം

-kohli-kane-

മുംബയ്: ലോക ക്രിക്കറ്റിലെ ശാന്തനായ പോരാളിയാണ് കെയ്ൻ വില്ല്യംസൺ. 16 വർഷം നീണ്ടുനിന്ന കരിയറിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ന്യൂസിലൻഡ് മുൻ നായകൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബാറ്റിംഗ് മികവും ശാന്തമായ നേതൃപാടവവും കൊണ്ട് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ചതാരം എന്ന ഖ്യാതിയോടെയാണ് വില്യംസൺ പടിയിറങ്ങിയത്. കളിമികവ് കൊണ്ട് മാത്രമല്ല, വിനയം കൊണ്ടും സ്‌പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെയും സഹതാരങ്ങളുടെയും എതിരാളികളുടെയും ഹൃദയം കീഴടക്കാൻ കിവിസ് ഇതിഹാസത്തിന് സാധിച്ചു. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം കുറിച്ച റെക്കാഡുകൾ വരുംതലമുറകൾക്കും പ്രചോദനമാണ്.

വില്യംസണിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് പറയുമ്പോൾ വിരാട് കൊഹ്ലിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. 2008ലെ ഐസിസി അണ്ടർ-19 ലോകകപ്പിലാണ് കൊഹ്‌ലിയും വില്യംസണും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം . അന്ന് സെമിഫൈനലിൽ കൊഹ്ലി നയിച്ച ഇന്ത്യ, വില്യംസണിന്റെ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. മൈതാനത്ത് ഇരുവരും കടുത്ത എതിരാളികളായിരുന്നെങ്കിലും, ആ ടൂർണമെന്റിലാണ് ആഴമേറിയ സൗഹൃദത്തിന് തുടക്കമിട്ടത്.

kohli-williamson

അന്ന് തുടങ്ങിയ ആ ബന്ധം പിന്നീട് ഇരുവരും ലോക ക്രിക്കറ്റിലെ വൻമരങ്ങളായി വളർന്നപ്പോഴും ഒട്ടും ചോരാതെ സൂക്ഷിച്ചു. വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച്, ലോകത്തെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ നേർക്കുനേർ വന്നിട്ടും അവർക്കിടയിലെ ബഹുമാനം ഒട്ടും കുറഞ്ഞില്ല. കളി തോറ്റാലും ജയിച്ചാലും തോളോട് തോൾചേർന്ന് നിൽക്കും.

kohli-williamson

2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഇരുവരുടെയും സൗഹൃദത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ലോകം കണ്ടത്. കൊഹ്‌ലി നയിച്ച ഇന്ത്യയെ പരാജയപ്പെടുത്തി വില്യംസണിന്റെ ന്യൂസിലൻഡ് കിരീടം ചൂടിയ നിമിഷമായിരുന്നു അത്. ഇന്ത്യൻ ആരാധകർ നിരാശയിലായ ആ സമയത്ത്, വിരാട് ഓടിയെത്തി വില്യംസണെ കെട്ടിപ്പിടിക്കുകയും കെയ്നിന്റെ തോളിൽ തലചായ്ച്ച് നിൽക്കുകയും ചെയ്തു. കളിയിലെ ജയപരാജയങ്ങൾക്കപ്പുറം കായികലോകം കണ്ട ഏറ്റവും മികച്ച സ്‌പോർട്സ്മാൻ സ്പിരിറ്റിന്റെ പ്രതീകമായിട്ടായിരുന്നു ഇരുവരുടെയും ആ ചിത്രം മാറിയത്. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ ഇരുവരും ബൗണ്ടറി ലൈനിനടുത്ത് നിലത്തിരുന്ന് ഏറെ നേരം സംസാരിച്ച ചിത്രവും ആരാധകർക്കിടയിൽ തരംഗമായിരുന്നു. തങ്ങൾ ക്രിക്കറ്റ് മാത്രമല്ല, ജീവിതത്തെക്കുറിച്ചും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് കൊഹ്‌ലി തന്നെ ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്.


പ്രകൃതം കൊണ്ട് ഇരുധ്രുവങ്ങളിലാണ് ഇരുവരും. കൊഹ്ലി മൈതാനത്ത് തീപ്പൊരിയാണെങ്കിൽ വില്യംസൺ മഞ്ഞുപോലെ ശാന്തനാണ്. ഈ വ്യത്യാസങ്ങൾക്കിടയിലും കടുത്ത മത്സരബുദ്ധി വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്ന് ഇവർ ലോകത്തിന് കാണിച്ചുകൊടുത്തു. വില്യംസൺ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൊഹ്‌ലി പങ്കുവച്ച വൈകാരികമായ സന്ദേശം ഇവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. റെക്കാഡുകൾക്കും ട്രോഫികൾക്കും മത്സരങ്ങൾക്കുമപ്പുറം ചില സൗഹൃദങ്ങൾ എന്നും വിലപ്പെട്ടതാണെന്ന് തെളിയിച്ചുകൊണ്ടാണ് കെയ്ൻ വില്യംസൺ എന്ന ക്രിക്കറ്റ് ഇതിഹാസം അന്താരാഷ്ട്ര വേദികളിൽ നിന്നും പടിയിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, LATESTNEWS, KANE WILLIAMSON, KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360