SignIn
Kerala Kaumudi Online
Thursday, 24 September 2026 10.24 PM IST

കോംഗോയിൽ എബോള പടരുന്നു; ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം രൂക്ഷം, മരണം 3759

ebola
എബോള വൈറസ്

ബുനിയ (കോംഗോ): എബോള വൈറസ് ബാധയെ തുടർന്ന് ചികിത്സാ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ലാതെ കോംഗോ. കിഴക്കൻ പ്രവിശ്യയായ നോർത്ത് കിവുവിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. മൂന്നാഴ്ചയ്ക്കിടെ എബോള കേസുകളിൽ 73 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 7,773 സ്ഥിരീകരിച്ച എബോള കേസുകളും 3,759 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് പ്രവിശ്യകളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ഇതുരി ഉൾപ്പെടെയുള്ള ചില പ്രവിശ്യകളിൽ രോഗബാധ കുറഞ്ഞുവരുന്നതിന്റെ സൂചനകളുണ്ടെങ്കിലും രാജ്യത്തെ സ്ഥിതി പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒയുടെ ആഫ്രിക്കൻ മേഖലയിലെ എമർജൻസി ഡയറക്ടർ മാരി റോസലിൻ ബെലിസെയർ പറഞ്ഞു.

ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 20 വരെയുള്ള കാലയളവിൽ ഇതുരിയിൽ എബോള കേസുകളിൽ 26 ശതമാനവും ഹൗട്ട്യൂലെയിൽ 15 ശതമാനവും കുറവുണ്ടായി. എന്നാൽ വിവിധ പ്രവിശ്യകളിൽ രോഗവ്യാപനത്തിന്റെ തോത് വ്യത്യസ്തമാണെന്നും ചിലയിടങ്ങളിൽ കേസുകളും മരണങ്ങളും ഇപ്പോഴും വർദ്ധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ പ്രശ്നങ്ങൾ, ജനങ്ങളുടെ കുടിയൊഴിപ്പ്, ആരോഗ്യപ്രവർത്തകരുടെ സമരം, വലിയ തോതിലുള്ള ജനകീയ കുടിയേറ്റം എന്നിവ എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. 2014–16 കാലയളവിൽ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വ്യാപനമാണ് ഇതിന് മുമ്പ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത മഹാമാരി. ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നിവിടങ്ങളിലായി 11,000ത്തിലധികം പേരാണ് അന്ന് മരിച്ചത്. നിലവിലെ രോഗവ്യാപനം അതിനെയും മറികടക്കുമെന്നാണ് നിലവിൽ ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.

നോർത്ത് കിവുവിൽ ഏതാനും ആഴ്ചകളായി വർദ്ധിച്ചിരുന്ന രോഗബാധയും മരണവും ഇപ്പോൾ കുറയുന്നതായും ചികിത്സയ്ക്കുള്ള കിടക്കകൾ ദിവസേന വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകരും മറ്റ് സംവിധാനങ്ങളും ഇപ്പോഴും അപര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റൊരു പ്രധാന വെല്ലുവിളി കുട്ടികളിലെ ഉയർന്ന മരണനിരക്കാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം ബാധിച്ചാൽ മരണസാധ്യത ഏറ്റവും കൂടുതലെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഈ പ്രായത്തിലുള്ളവരാണ് രോഗബാധിതരിൽ 60 ശതമാനത്തിലധികം ‌ മരിക്കുന്നത്. ഏകദേശം 40 ശതമാനമാണ് മുതിർന്നവരിൽ മരണനിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ എബോള രോഗം നേരത്തെ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കുട്ടികൾക്ക് കഴിയാത്തതും മറ്റ് രോഗങ്ങളുമായി സാമ്യമുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുമാണ് രോഗനിർണയം സങ്കീർണമാക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

English Summary

The Ebola outbreak in Congo continues to strain the health system, with a severe shortage of medical workers, particularly in North Kivu, where cases have risen sharply. Although infections are declining in some provinces, the outbreak remains uncontrolled and has spread to seven provinces, with 7,773 confirmed cases and 3,759 deaths reported.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EBOLA, CONGO, LATESTNEWS, OUTBREAK, AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360