തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത രണ്ട് ഹോം സീസണുകളിലെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. 2028 മാർച്ച് 31 വരെയാണ് കരാർ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപാണ് രണ്ടുവർഷത്തേക്ക് കരാർ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിന് 4.85 കോടി രൂപ അടിസ്ഥാന നിരക്കിലാണ് അവകാശം നേടിയതെന്നാണ് വിവരം. എന്നാൽ ബി.സി.സി.ഐയുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമ തുക ഇതിലും കുറയാൻ സാധ്യതയുണ്ട്.
കരാർ പ്രകാരം നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ മുത്തൂറ്റ് ഫിൻകോർപിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിന് കീഴിലാകും. 10 ടെസ്റ്റുകളും 12 ഏകദിനങ്ങളും 13 ട്വന്റി-20 മത്സരങ്ങളുമാണ് ഇതിൽ ഉൾപ്പെടുക. സെപ്തംബർ 27ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയോടെയാണ് മുത്തൂറ്റ് ഫിൻകോർപിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് ആരംഭിക്കുക.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിനായിരുന്നു മുമ്പ് നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ ടൈറ്റിൽ സ്‌പോൺസർ. ഇതിന് പകരമാണ് മുത്തൂറ്റ് ഫിൻകോർപ് എത്തുക. മത്സരത്തിന് 4.2 കോടി രൂപയായിരുന്നു ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ മുൻ കരാറിലെ തുക. ഗൂഗിൾ ജെമിനി, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സ്പിന്നി, എസ്.ബി.ഐ ലൈഫ് തുടങ്ങിയ കമ്പനികളുമായി ബി.സി.സി.ഐ ചർച്ച നടത്തിയിരുന്നു.
തുടർന്ന് എസ്.ബി.ഐ ലൈഫ് ബി.സി.സി.ഐയുടെ അസോസിയേറ്റ് പാർട്ണറായി. കാംപയും ചാറ്റ്ജിപിടിയും ഉൾപ്പെടെയുള്ള കമ്പനികൾക്കൊപ്പമാണ് എസ്.ബി.ഐ ലൈഫിന്റെ പങ്കാളിത്തം. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ ടീമുകൾ ഇന്ത്യയിലെത്തുന്ന തിരക്കേറിയ ഹോം സീസണിന് തുടക്കമാകാനിരിക്കെയാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.
Muthoot Fincorp has secured the title sponsorship rights for India's next two home cricket seasons until March 31, 2028. The agreement covers 35 international matches, including Tests, ODIs, and T20s, with a base rate of Rs 4.85 crore per match. This sponsorship, which replaces IDFC First Bank, commences on September 27 with the West Indies ODI series. SBI Life also became an associate partner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |