
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അപരനെന്ന് തോന്നിക്കുന്ന അജ്ഞാത വ്യക്തിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എയർ ഫോഴ്സ് വണ്ണിന് മുന്നിൽ വച്ച് ചിത്രീകരിച്ച ട്രംപിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ട്രംപിന് തൊട്ടുപിന്നിലായി അദ്ദേഹത്തെപ്പോലെ തന്നെ തോന്നിക്കുന്ന ഒരാൾ തിരിഞ്ഞു നിൽക്കുന്നത് കാണാം. ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് ട്രംപ് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിനിടെ, പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട വ്യക്തിക്ക് ട്രംപിന്റെ അതേ രൂപമായിരുന്നു. ഉയരം, ശരീരപ്രകൃതി, നേവി ബ്ലൂ സ്യൂട്ട്, ഹെയർസ്റ്റൈൽ, നിൽക്കുന്ന രീതി എന്നിവയെല്ലാം കണ്ടാൽ ട്രംപ് ആണെന്നേ പറയൂ.
ഇതോടെ ട്രംപിന്റെ ബോഡി ഡബിൾ ആണോ ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നു. അതേ സമയം, വീഡിയോയുടെ അവസാനം വ്യക്തിയുടെ മുഖം മിന്നായം പോലെ കാണാൻ സാധിക്കും. ഇതോടെ അതാരാണെന്ന ഉത്തരവും ചിലർ കണ്ടുപിടിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ പിതാവ് വിക്ടർ ക്നാവ്സ് ആണിതെന്നാണ് വാദം.
ലോകകപ്പ് ഫൈനൽ കാണാൻ 82കാരനായ വിക്ടറും എത്തിയിരുന്നു. സ്ലോവേനിയൻ വംശജയായ മെലാനിയയുടെ മാതാപിതാക്കളായ അമലിയയും വിക്ടറും ട്രംപ് സ്‌പോൺസർ ചെയ്ത ഗ്രീൻ കാർഡിലാണ് യു.എസിലെത്തിയത്. 2018ൽ ഇരുവരും യു.എസ് പൗരത്വം നേടി. അമലിയ 2024ൽ മരണമടഞ്ഞിരുന്നു. ട്രംപിനും മെലാനിയയ്ക്കും ഒപ്പമുള്ള പരിപാടികളിൽ വിക്ടറും പങ്കെടുക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |