ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരും പാക് അധീന കാശ്മീർ ഭരണകൂടവുമായുള്ള കടുത്ത പ്രക്ഷോഭം തുടരുന്നതിനിടെ പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക് അധിനിവേശ കാശ്മീർ പ്രധാനമന്ത്രി. റാവലകോട്ടിലെ ജനങ്ങളുടെ കശ്മീരി സ്വത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വിവാദ പരാമർശത്തിനാണ് പാക് അധിനിവേശ കാശ്മീർ പ്രധാനമന്ത്രി മറുപടി നൽകിയത്.
ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്വം തെളിയിക്കാൻ ഖ്വാജ ആസിഫിന്റെയോ മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോഡ് മറുപടി നൽകിയത്. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് റാത്തോർ ഈ കാര്യം വ്യക്തമാക്കിയത്. ജനങ്ങളിലെ ഭിന്നത രൂക്ഷമാക്കാനാണ് ഖ്വാജ ആസിഫ് ശ്രമിക്കുന്നതെന്ന് റാത്തോർ വിമർശിച്ചു.
പാക് അധീന കാശ്മീരിലെ റാവലകോട്ടിലെയും മിർപൂരിലെയും താമസക്കാർ "ശരിയായ കാശ്മീരികളല്ല" എന്ന് ആസിഫ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണം ഉണ്ടായത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് സർക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് ആരോപണപ്രത്യാരോപണങ്ങളും ഉയരുന്നത്.
റാത്തോറിന്റെ മറുപടിക്ക് പിന്നാലെ വിശദീകരണവുമായി ഖ്വാജാ ആസിഫും രംഗത്തെത്തി. ജനനം കൊണ്ടല്ല പതിറ്റാണ്ടുകൾ നീണ്ട പോരാട്ടവും ത്യാഗവുമാണ് കാശ്മീരി സ്വത്വം നിർണയിക്കുന്നതെന്നാണ് താൻ പറഞ്ഞതെന്ന് ആസിഫ് പറഞ്ഞു. പാക് അധീന കാശ്മീരിലെ ഭരണപരമായ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |