
സാന്താക്രൂസ് ഡി ടെനറിഫ്: മെഡിറ്ററേനിയൻ, അറ്റ്ലാന്റിക് സമുദ്രങ്ങൾ വഴി യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ലിയോ മാർപാപ്പ. മനുഷ്യക്കടത്തുകാർക്കും ക്രിമിനൽ സംഘങ്ങൾക്കുമാണ് മാർപാപ്പയുടെ മുന്നറിയിപ്പ്. ദൈവത്തിന് മുൻപിൽ തെറ്റുകൾ ഏറ്റുപറഞ്ഞ് 'മാനസാന്തരപ്പെടാൻ' തയ്യാറാകാത്തവർ മരണശേഷം നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്‌പെയിനിൽ നടത്തിയ ഒരാഴ്ചത്തെ സന്ദർശനത്തിന്റെ അവസാന ദിനത്തിലാണ് മാർപാപ്പയുടെ പ്രതികരണം. ലോകനേതാക്കൾ അഭയാർത്ഥികളോട് മാനുഷിക പരിഗണന കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സ്പാനിഷ് ദ്വീപസമൂഹമായ കാനറി ദ്വീപുകൾ യൂറോപ്പിലേക്കുള്ള അഭയാർത്ഥികളുടെ പ്രധാന കവാടങ്ങളിലൊന്നാണ്. തകർന്ന ബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് ജീവൻ പണയം വച്ചാണ് പലരും ഇവിടെയെത്തുന്നത്. 2025ൽമാത്രം അയ്യായിരത്തിലധികം ആളുകൾ യാത്രയ്ക്കിടെ മരണപ്പെട്ടതായും സന്നദ്ധ സംഘടനയായ കാമിനാൻഡോ ഫ്രോണ്ടെറാസ് വ്യക്തമാക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കണ്ണീരും ചോരയും ദൈവത്തോട് നിലവിളിക്കുകയാണെന്ന് അഭയാർത്ഥികളെ സഹായിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ യോഗത്തിൽ സംസാരിക്കവെ മാർപാപ്പ പറഞ്ഞു. അഭയാർത്ഥി നിയമങ്ങൾ കൂടുതൽ കർശനമാക്കുന്ന യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ കരാർ നിലവിൽ വന്ന ദിവസമാണ് മാർപാപ്പയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമായി.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2015ൽ ആയിരത്തിൽ താഴെ ആളുകൾ മാത്രം എത്തിയിരുന്ന കാനറി ദ്വീപുകളിൽ, 2024 ആയപ്പോഴേക്കും 46,843 നിയമവിരുദ്ധ അഭയാർത്ഥികളാണ് എത്തുന്നത്. . ഭൗമരാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക തകർച്ചയും മുതലെടുത്ത് മനുഷ്യക്കടത്തുകാർ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി യൂറോപോൾ അടക്കം റിപ്പോർട്ട് ചെയ്‌തിരുന്നു. സ്‌പെയിൻ സന്ദർശിക്കുന്നതിനിടെ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ നഗരങ്ങളും മാർപാപ്പ സന്ദർശിച്ചു.
സ്പാനിഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ മാർപാപ്പ കൂടിയാണ് ലിയോ. ബാഴ്സലോണയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി 'സഗ്രാഡ ഫാമിലിയ'യുടെ പുതിയ ഗോപുരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്ന് ടെനറിഫിലെ താൽക്കാലിക അഭയാർത്ഥി പുനരധിവാസ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. സന്ദർശനം പൂർത്തിയാക്കി പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാർപാപ്പ റോമിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |