
വാഷിംഗ്ടൺ: ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണങ്ങൾ തുടർന്നാൽ ഇസ്രായേൽ ഒറ്റപ്പെടുമെന്നും സ്വന്തം നിലയ്ക്ക് പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും ഇറാനുമായുള്ള സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
‘ബിബി, സൂക്ഷിക്ക്, അല്ലെങ്കിൽ എന്റെ പിന്തുണ പോലും കിട്ടില്ല. നീ ഒറ്റയ്ക്കാകും'. നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിനിടെ ട്രംപ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ട്രംപിനെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിക്കുന്നത്. ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരെയുള്ള നീക്കങ്ങൾ തുടരണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.
ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കുന്നതിന് സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാൻ ഇന്നലെ ഇസ്രയേലിനെതിരായ ആക്രമണം പുനഃരാരംഭിച്ചത്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തിൽ പ്രകോപിതാരായാണ് ഇറാൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചടിച്ചത്. ഒരു ഘട്ടത്തിൽ സജീവ യുദ്ധം എന്ന നിലയിലേക്ക് സംഘർഷങ്ങൾ പോകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ പ്രശ്നം രൂക്ഷമാകുന്നതിന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ സംഘർഷം അവസാനിക്കുകയായിരുന്നുവെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ എട്ടിനാണ് പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
സംഘർഷങ്ങൾ കൈവിട്ടുപോകുന്നതായി മനസിലാക്കിയ അമേരിക്കൻ പ്രസിഡന്റ് സമാധാന ചർച്ചകൾക്കായി നെട്ടോട്ടമോടുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആണവായുധ കരാറിൽ നിന്ന് പല രാജ്യങ്ങളും പിന്നോട്ടുപോയ സാഹചര്യത്തിൽ കൈവിട്ട കളിക്ക് മുതിരേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. നിരവധി രാജ്യങ്ങൾ ഇസ്രയേലിന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ട്രംപ് 'ഒറ്റപെടൽ' ഭീഷണി നെതന്യാഹുവിനെതിരെ ഉയർത്തുന്നത്.
ഇറാനുമായുള്ള പുതിയ ആണവ കരാർ സമാധാനപരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് അമേരിക്കയുടെ ശ്രമം. എന്നാൽ ഇതിൽ നെതന്യാഹുവിന് വലിയ സംശയങ്ങളുണ്ടായിരുന്നു. ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് യുഎസ് ഇടപെടൽ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |