കാരക്കാസ്: വെനസ്വേലയെ തകർത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തിന്റെ എട്ടാം നാൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാല്പത്തിമൂന്നുകാരനെ ജീവനോടെ രക്ഷപ്പെടുത്തി. 140ടൺ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് മദ്ധ്യവയസ്കനെ രക്ഷാപ്രവർത്തക സംഘം ജീവനോടെ കണ്ടെത്തിയത്. ലാ ഗ്വൈറ എന്ന തീരദേശ നഗരത്തിലെ ഗലേറിയാസ് പ്ലായ ഗ്രാൻഡെ ഷോപ്പിംഗ് മാളിന്റെ ബേസ്‌മെന്റ് ഭാഗത്ത് നിന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇതേ മാളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഹെർനാൻ ആൽബർട്ടോ ഗിൽ ഫ്ലോറസാണ് മരണത്തെ തോല്പിച്ച് എട്ടാംനാൾ ജീവിതത്തിലേക്ക് പിടിച്ചുകയറിയത്.
ഇന്നലെ പുലർച്ചയോടെ നടത്തിയ തെരച്ചിലിലാണ് ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയുടെ പ്രതീകമായി ആൽബർട്ടോയെ ജീവനോടെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 24നാണ് വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പം ഉണ്ടാകുന്നത്. അന്നുമുതൽ ഇയാൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.
സംഭവം നടക്കുന്ന ദിവസം ആൽബർട്ടോയ്ക്ക് ജോലി രാത്രി ഷിഫ്റ്റിലായിരുന്നു. ആദ്യത്തെ ഭൂചലനം ഉണ്ടാകുമ്പോൾ സെക്യൂരിറ്റി കാബിനുള്ളിലായിരുന്നു ഇയാൾ. ചുറ്റുമുള്ള കോൺക്രീറ്റ് മുഴുവൻ തകർന്നുവീണപ്പോഴും അദ്ദേഹത്തിന്റെ കാബിൻ തകരാതെ ഉറച്ചുനിന്നതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആൽബർട്ടോയ്ക്ക് തുണയായത്. അവശിഷ്ടങ്ങൾ നേരിട്ട് പതിക്കാത്തതും കാബിനിൽ വായുസഞ്ചാരമുണ്ടായിരുന്നതുമാണ് ആൽബർട്ടോയ്ക്ക് രക്ഷയായത്.
കഴിഞ്ഞ ഞായാറാഴ്ച തന്നെ കോസ്റ്റാറിക്കൻ റെഡ് ക്രോസ് സംഘം സ്ഥലത്ത് ജീവന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സംഘം ഇയാളെ ബന്ധപ്പെട്ടപ്പോൾ ജീവനോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ താൻ കാബിനുള്ളിലുണ്ടെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്ന് ആൽബർട്ടോ ആവശ്യപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ വിദഗ്ധ സംഘം രാപ്പകൽ നടത്തിയ ശ്രമത്തിനൊടുവിലാണ് ഇന്നലെ പുലർച്ചെ ഇയാളെ സുരക്ഷിതമയി പുറത്തെത്തിക്കാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |