SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

തിരിച്ചടിക്കൊരുങ്ങി ഇറാൻ

pic

ടെഹ്‌റാൻ: സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ടെന്നും ഇസ്രയേൽ ആക്രമണത്തിന് തതുല്യമായ പ്രതികരണം നൽകുമെന്നും ഇറാൻ. എന്നാൽ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന തരത്തിലേക്ക് ഇറാന്റെ തിരിച്ചടി നീങ്ങില്ലെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ വരുത്തിയ നാശനഷ്ടത്തിന്റെ വ്യാപ്തിക്ക് ആനുപാതികമായേ ഇറാൻ തിരിച്ചടിക്കൂ.

ഇസ്രയേലിന്റെ ആക്രമണത്തെ 'പരാജയം "എന്നാണ് ഇറാൻ റെവലൂഷനറി ഗാർഡ് വിശേഷിപ്പിച്ചത്. നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. വിദേശ മാദ്ധ്യമങ്ങളോട് സഹകരിക്കരുതെന്ന് റെവലൂഷനറി ഗാർഡ് ജനങ്ങളോട് നിർദ്ദേശിച്ചു.

ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സംഘർഷം കൂടുതൽ വഷളാക്കാൻ ഇറാൻ ശ്രമിച്ചേക്കില്ല. ഇസ്രയേൽ ഗുരുതരമായ നാശനഷ്ടങ്ങളോ ആൾനാശമോ സൃഷ്ടിച്ചാൽ തിരിച്ചടിക്ക് 1,000 ബാലിസ്റ്റിക് മിസൈലുകൾ വരെ ഉപയോഗിക്കാൻ ഇറാൻ പദ്ധതിയിട്ടെന്നാണ് റിപ്പോർട്ട്. യുദ്ധ സാഹചര്യം നേരിടാൻ തയ്യാറാകണമെന്ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി റെവലൂഷനറി ഗാർഡിന് നിർദ്ദേശവും നൽകിയിരുന്നു.

 തീവ്രമാകില്ല

സൈനിക കേന്ദ്രങ്ങളും ആയുധ ഡിപ്പോകളും കേന്ദ്രീകരിച്ച് ഇസ്രയേൽ ആക്രമണം നടത്തിയതിനാൽ ഇറാൻ തീവ്രമായി തിരിച്ചടിച്ചേക്കില്ല. എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവയെ ആക്രമിച്ചാലോ ഇറാനിയൻ നേതാക്കളെ വധിച്ചിരുന്നെങ്കിലോ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. യു.എസിന്റെ ശക്തമായ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഇസ്രയേൽ ആക്രമണത്തിന്റെ തീവ്രത കുറച്ചത്. അതേ സമയം, ലെബനനിലെ ഹിസ്ബുള്ള അടക്കം ഇറാന്റെ നിഴൽ സംഘടനകൾ ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ചേക്കും.

ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെയും ഹമാസ് മേധാവിയായിരുന്ന ഇസ്മയിൽ ഹനിയേയുടെയും വധത്തിന് പ്രതികാരമായി ഒക്ടോബർ 1ന് ഇസ്രയേലിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ വിക്ഷേപിച്ച 200 ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രയേലോ മേഖലയിൽ നിലയുറപ്പിച്ച സഖ്യകക്ഷികളോ (യു.എസ്, യു.കെ) തകർത്തു. ഇസ്രയേലിലെ സൈനിക ബേസുകളിൽ ചെറിയ നാശനഷ്ടമുണ്ടായെങ്കിലും ആളപായമുണ്ടായില്ല.

 ഇറാൻ, ഇസ്രയേൽ: സൈനിക കരുത്ത്

# ഇറാൻ

 സൈനികർ (ആക്ടീവ് ) - 6,10,000

 റിസേർവ് സൈനികർ - 3,50,000

 യുദ്ധവിമാനം - 335

 ഹെലികോപ്റ്റർ - 57

 അന്തർവാഹിനി - 17

 പീരങ്കി - 6,798+

 വ്യോമപ്രതിരോധ സംവിധാനങ്ങൾ - ബേവർ 373, എസ് - 300, ഖൊർദാദ്

# ഇസ്രയേൽ

 സൈനികർ (ആക്ടീവ് ) - 1,69,500

 റിസേർവ് സൈനികർ - 4,65,000

 യുദ്ധവിമാനം - 345

 ഹെലികോപ്റ്റർ - 43

 അന്തർവാഹിനി - 5

 പീരങ്കി - 530

 വ്യോമപ്രതിരോധ സംവിധാനങ്ങൾ - അയൺ ഡോം, ഡേവിഡ്സ് സ്ലിങ്ങ്, ആരോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360