
ലണ്ടൻ : ആസ്റ്റൺ മാർട്ടിൻ... വിഖ്യാതമായ ഈ കാറിന്റെ പേര് കേട്ടാൽ എന്താകും ആദ്യം മനസിലേക്കെത്തുക. തീർച്ചയായും അത് ജെയിംസ് ബോണ്ട് ആയിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒന്നാണ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളാകട്ടെ ലോകത്ത് ഏറ്റവുമധികം കളക്ഷൻ വാരിക്കൂട്ടുന്ന സിനിമാ പരമ്പരയാണ്. ബോണ്ട് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടിന്റെ കഥാപാത്രം ഉപയോഗിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമാണ് ആസ്‌റ്റർ മാർട്ടിൻ ഡിബി 5. ആസ്‌റ്റൺ മാർട്ടിന്റെ തന്നെ DBS V 8 വിന്റേജ്, V12 വാൻക്വിഷ് തുടങ്ങിയ മോഡൽ കാറുകളും ബോണ്ട് ചിത്രങ്ങളിൽ കാണാം. സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് ബോണ്ടിന്റെ ആസ്‌റ്റൺ മാർട്ടിൻ ഡിബി 5. പക്ഷേ, വളരെ വ്യത്യസ്തമായ ഒരു ആസ്റ്റൺ മാർട്ടിൻ കാർ ബ്രിട്ടനിൽ ഒരാൾക്കുണ്ട്. ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനാണ് അത്. ചാൾസിന് അമ്മ എലിസബത്ത് രാജ്ഞി 21ാം പിറന്നാൾ സമ്മാനമായി നൽകിയ കാറാണത്. ഒരു വിന്റേജ് ആസ്റ്റൺ മാർട്ടിൻ ഡി.ബി 6 വൊലാന്റെ. വിചിത്രമായ ഒരു കാര്യമെന്തെന്നാൽ ഈ ആസ്റ്റൺ മാർട്ടിന്റെ ഇന്ധനം സാധാരണ കാറുകളിൽ ഉപയോഗിക്കുന്നവ അല്ല. പകരം, ചീസും വൈനുമാണ്. ! മാലിന്യ വസ്തുക്കളിൽ നിന്ന് ലഭിക്കുന്ന ഊർജം ഉപയോഗിച്ചാണ് ഈ ആസ്റ്റൺ മാർട്ടിൻ പ്രവർത്തിക്കുന്നത്. മിച്ചം വരുന്ന ഇംഗ്ലീഷ് വൈറ്റ് വൈനും ചീസ് നിർമ്മാണ വേളയിൽ അധികം ലഭിക്കുന്ന മോര് പോലുള്ള ഉപോത്പന്നങ്ങളുമാണ് തന്റെ കാറിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്ന് ചാൾസ് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാലും ഇങ്ങനെയൊക്കെ കാർ ഓടിക്കാൻ പറ്റുമോ ? E85 എന്ന ഇന്ധനമാണ് ഈ ആസ്റ്റൺ മാർട്ടിനിൽ ഉപയോഗിക്കുന്നത്. ലെഡിന്റെ അംശമില്ലാത്ത 15 ശതമാനം പെട്രോളും 85 ശതമാനം ബയോഎഥനോളും ആണ് ഇതിലെ ഘടകങ്ങൾ. ഗ്ലോസ്റ്റർഷെയർ ആസ്ഥാനമായുള്ള ഗ്രീൻ ഫ്യുവൽസ് എന്ന കമ്പനിയാണ് ചാൾസിന്റെ കാറിന് വേണ്ട ബയോഎഥനോൾ വൈനിൽ നിന്നും ചീസിൽ നിന്നും നിർമ്മിക്കുന്നത്. തന്റെ കാറിന് പരിസ്ഥിതി സൗഹൃദമായ പുതിയ ഒരു ഇന്ധന സ്രോതസ് കണ്ടെത്തണമെന്ന് ആസ്റ്റൺ മാർട്ടിൻ എൻജിനിയർമാരോട് ആവശ്യപ്പെട്ടിരുന്നതായി ചാൾസ് 2018ൽ ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |