SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ന്യൂ ഓർലീൻസ് ആക്രമണം ---- ഐസിസ് ബന്ധം തേടി എഫ്.ബി.ഐ,​ മരണം 14

pic

 പ്രതി മുൻ സൈനികൻ

വാഷിംഗ്ടൺ: യു.എസിൽ ലൂസിയാനയിലെ ന്യൂ ഓർലീൻസ് നഗരത്തിൽ പുതുവർഷ ദിനത്തിലുണ്ടായ പിക്ക്‌അപ് ട്രക്ക് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. പൊലീസ് വെടിവച്ചു കൊന്ന അക്രമി ഷംസുദ് - ദിൻ ജബ്ബാറിന്റെ (42) ഐസിസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിലാണ് എഫ്.ബി.ഐ. ട്രക്കിൽ കണ്ടെത്തിയ പതാക ഐസിസിന്റേതാണെന്ന് സ്ഥിരീകരിച്ചു. ടെക്സസ് സ്വദേശിയായ പ്രതി യു.എസിലെ മുൻ സൈനികനാണ്. ട്രക്കിൽ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബുധനാഴ്‌ച പുതുവർഷ ആഘോഷത്തിനിടെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബോർബൺ സ്ട്രീറ്റിലെ ജനക്കൂട്ടത്തിനിടെയിലേക്ക് അക്രമി പിക്ക്‌അപ് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ വെടിവയ്പും നടത്തി. രണ്ട് പൊലീസുകാർ അടക്കം 30ലേറെ പേർക്ക് പരിക്കേറ്റു. ആക്രമണ പശ്ചാത്തലത്തിൽ യു.എസ് നഗരങ്ങൾ ജാഗ്രതയിലാണ്. സുരക്ഷ ശക്തമാക്കി.

 എഫ്.ബി.ഐ തേടുന്നത്

1. ആക്രമണത്തിന്റെ ലക്ഷ്യം

2. ഐസിസ് നടപ്പാക്കിയ ആക്രമണം?​

3. പ്രതി ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനായി നടത്തിയ ആക്രമണം?​

 ഷംസുദ് - ദിൻ ജബ്ബാർ

 യു.എസ് ആർമിയിൽ ഹ്യൂമൻ റിസോഴ്സ്, ഐ.ടി വിഭാഗങ്ങളിൽ പ്രവർത്തിച്ചു

 2009-2010ൽ അഫ്ഗാനിൽ വിന്യസിച്ചിരുന്നു

 ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ ഇൻഫർമേഷൻസ് സിസ്റ്റംസിൽ ബിരുദം

 രണ്ട് തവണ വിവാഹിതനായെങ്കിലും വേർപിരിഞ്ഞു

 ട്രാഫിക് നിയമലംഘനങ്ങൾ, മോഷണം എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനൽ പശ്ചാത്തലം

 ഐസിസ് അനുകൂല വീഡിയോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തു

 ട്രംപ് ഹോട്ടലിന് മുന്നിൽ

ട്രക്ക് പൊട്ടിത്തെറിച്ചു

ഇതിനിടെ,​ ലാസ് വേഗാസിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന്റെ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചത് യു.എസിൽ ഭീതിപരത്തി. ട്രക്ക് ഡ്രൈവറും സൈനികനുമായ മാത്യു അലൻ ലിവൽസ്ബെർഗർ (37) കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേറ്റു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തിയിട്ടില്ല. ട്രക്കിനുള്ളിൽ കരിമരുന്നും ഗ്യാസ് ടാങ്കും ഇന്ധനവും കണ്ടെത്തി. ബോധപൂർവ്വം നടത്തിയ ആക്രമണമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ന്യൂ ഓർലീൻസ് ആക്രമണവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

 അപലപിച്ച് മോദി

ആക്രമണം ഭീരുത്വം നിറഞ്ഞ പ്രവൃത്തി. പ്രാർത്ഥന കൊല്ലപ്പെട്ടവരുടെ

കുടുംബാംഗങ്ങൾക്കൊപ്പം

- പ്രധാനമന്ത്രി നരേന്ദ്രമോദി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360