
വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന താരിഫ് ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനവും താരിഫാണ് ചുമത്തിയത്.ട്രംപിന്റെ ഉത്തരവ് ഇന്നലെ നിലവിൽ വന്നു. അതേ സമയം, കനേഡിയൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് 10 ശതമാനം താരിഫായി നിജപ്പെടുത്തി. ഇത് 18 മുതൽ നിലവിൽ വരും. യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് മൂന്ന് രാജ്യങ്ങളും. അധികാരത്തിലേറിയാൽ ഉടൻ ഈ രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്ന് രാജ്യങ്ങളെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. കാനഡ യു.എസിലെ സ്റ്റേറ്റായി മാറുമെന്നും പ്രഖ്യാപിച്ചിരുന്നു.
അനധികൃത കുടിയേറ്റം, ലഹരി മരുന്നായ ഫെന്റാനിൽ ഒഴുക്ക് എന്നിവ തടയാൻ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. ഫെന്റാനിൽ ലഹരി കടത്താണ് ചൈനയ്ക്കെതിരെയുള്ള താരിഫിന്റെ കാരണമായും പറയുന്നത്. നീക്കം അമേരിക്കൻ വ്യവസായത്തിന് ഗുണം ചെയ്യുമെന്നാണ് ട്രംപിന്റെ വാദം.എന്നാൽ താരിഫ് ചുമത്തിയതോടെ യു.എസിൽ അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വില കൂടാൻ കാരണമാകുമെന്നാണ് റിപ്പോർട്ട്. യു.എസിൽ തക്കാളി, വെള്ളരി, മുളക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ മുൻനിര വിതരണക്കാരാണ് മെക്സിക്കോ. വാഹന വ്യവസായത്തിലും വിലക്കയറ്റം പ്രകടമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |