
ടെൽ അവീവ് : ഗാസയിൽ വച്ച് കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് വിട്ടുനൽകി. ഷിരി ബിബാസ് (33), മക്കളായ ഏരിയൽ, ക്ഫിർ എന്നിവരുടെയും സമാധാന ആക്ടിവിസ്റ്റായ ഒദദ് ലിഫ്ഷിറ്റ്സിന്റെയും (84) മൃതദേഹങ്ങളാണ് ഇന്നലെ ഖാൻ യൂനിസിൽ വച്ച് റെഡ് ക്രോസിന് കൈമാറിയത്.
മൃതദേഹങ്ങൾ വഹിക്കുന്ന നാല് കറുത്തപ്പെട്ടികളിൽ ഹമാസ് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തിച്ച ശേഷമാണ് കൈമാറിയത്. ഓരോ പെട്ടിയിലും കൊല്ലപ്പെട്ടവരുടെ ചെറിയ ചിത്രവുമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ ഡി.എൻ.എ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു.
നാല് പേരെയും 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഷിരിയും മക്കളും ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് പറയുന്നു. എന്നാൽ ഇതിന് തെളിവില്ല. ബന്ദിയാക്കപ്പെട്ട ഷിരിയുടെ ഭർത്താവ് യാർഡൻ ബിബാസിനെ (35) ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു.
പ്രായം കുറഞ്ഞ ബന്ദി
ഹമാസ് തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ക്ഫിർ ബിബാസ്. ഹമാസ് തട്ടിക്കൊണ്ടുപോകുമ്പോൾ ഒമ്പത് മാസമായിരുന്നു ക്ഫിറിന്റെ പ്രായം. സഹോദരൻ ഏരിയലിന് നാല് വയസും. ക്ഫിറും ഏരിയലും ജീവനോടെയുണ്ടാകുമെന്നാണ് അവസാനം വരെ ഇസ്രയേലി ജനത വിശ്വസിച്ചിരുന്നത്.
6 പേരെ മോചിപ്പിക്കും
നാളെ 6 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ബന്ദിയാക്കപ്പെട്ട 69 ഇസ്രയേലികൾ ഇനി ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ 36 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേൽ നിഗമനം. ജനുവരി 19ന് ഗാസയിൽ നിലവിൽ വന്ന ആറാഴ്ചത്തെ വെടിനിറുത്തലിനിടെ 33 ഇസ്രയേലി ബന്ദികളെ വിട്ടുനൽകുമെന്നാണ് ഹമാസിന്റെ ധാരണ. ഇതുവരെ 19 ഇസ്രയേലി ബന്ദികളെ ഹമാസ് ജീവനോടെ വിട്ടുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |