
ഒട്ടാവ: സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമായ മാർക്ക് കാർണി (59) കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയെ കണ്ടെത്താൻ ലിബറൽ പാർട്ടി നടത്തിയ നേതൃസ്ഥാന തിരഞ്ഞെടുപ്പിൽ 86 ശതമാനം വോട്ട് നേടിയാണ് കാർണിയുടെ ജയം.
ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുമായുള്ള ബന്ധം തീർത്തും വഷളാക്കിയ ജസ്റ്റിൻ ട്രൂഡോയുടെ കസേരയിലാണ് കാർണി എത്തുന്നത്. പുതിയ പ്രധാനമന്ത്രിയുടെ നിലപാട് അതുകൊണ്ടു തന്നെ പ്രധാനം. ഇന്ത്യയ്ക്കും കാനഡയ്ക്കും.
മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡായിരുന്നു തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി. 1,52,000 പാർട്ടി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കാളികളായി. ജയത്തോടെ ലിബറൽ പാർട്ടിയുടെ നേതൃപദവി കാർണി ഏറ്റെടുത്തു. പ്രധാനമന്ത്രിയായി വൈകാതെ ചുമതലയേൽക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കെതിരെ പോരാടുമെന്ന് കാർണി പ്രഖ്യാപിച്ചു.
അതേസമയം, കണ്ണീരോടെയാണ് ജസ്റ്റിൻ ട്രൂഡോ വിടവാങ്ങൽ പ്രസംഗം നടത്തിയത്. 9 വർഷം കാനഡയെ നയിക്കാനായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നതായി ട്രൂഡോ പറഞ്ഞു. മകൾ എല്ല ഗ്രേസ് മാർഗ്രറ്റും പിന്തുണയുമായി വേദിയിലെത്തി.
2015ലാണ് ട്രൂഡോ പ്രധാനമന്ത്രിയായത്. കുടിയേറ്റ നയം പാളിയതും വിലക്കയറ്റം അടക്കം ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതും ട്രൂഡോയെ ജനങ്ങളിൽ നിന്ന് അകറ്റി. ഇന്ത്യാ വിരുദ്ധ നിലപാട് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കി.
യു.എസ് ഭീഷണിക്ക്
നടുവിൽ കാർണി
1. യു.എസിന്റെ വ്യാപാര യുദ്ധമാണ് കാർണിക്ക് മുഖ്യ വെല്ലുവിളി
2. ട്രംപിന്റെ താരിഫ് നിയന്ത്രണങ്ങൾ മറികടക്കണം
3. കാനഡയെ യു.എസ് സ്റ്റേറ്റ് ആക്കുമെന്നും ട്രംപിന്റെ ഭീഷണി
4. രാജ്യത്തെ വിലക്കയറ്റവും കുടിയേറ്റ നിരക്കും കുറയ്ക്കണം
5. വഷളായ ഇന്ത്യാ ബന്ധമുൾപ്പെടെ നേർവഴിയിലാക്കണം
രാഷ്ട്രീയം പഠിക്കണം
ഫിനാൻഷ്യൽ സ്‌റ്റെബിലിറ്റി ബോർഡ് മുൻ അദ്ധ്യക്ഷനാണ് കാർണി. രാഷ്ട്രീയ പശ്ചാത്തലമില്ല. യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു. ഹാർവഡ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം. ഇക്കണോമിക്സിൽ പിഎച്ച്.ഡിയും നേടി. കനേഡിയൻ, ബ്രിട്ടീഷ്, ഐറിഷ് പൗരത്വമുണ്ട്. ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്ക്സിന്റെ യു.എസ്, കാനഡ, യു.കെ ഓഫീസുകളിൽ വിവിധ പദവികൾ വഹിച്ചു. ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധ ഡയാന ഫോക്‌സാണ് ഭാര്യ. നാലു മക്കളുണ്ട്.
നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ഒരാൾ ശ്രമിക്കുന്നു. അയാൾ വിജയിക്കാൻ അനുവദിക്കില്ല
- മാർക്ക് കാർണി
(ട്രംപിനെ ഉന്നമിട്ട് പറഞ്ഞത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |