
വാഷിംഗ്ടൺ: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലെൻസ്കി വളരെ ബുദ്ധിമാനാണെന്നും ഒരു കുട്ടിയിൽ നിന്ന് മിഠായി തട്ടിയെടുക്കുന്ന പോലെയാണ് മുൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് 35,000 കോടി ഡോളറിന്റെ സഹായം അദ്ദേഹം നേടിയെടുത്തതെന്നും ട്രംപ് കുറ്റപ്പെടുത്തി.
യു.എസിന്റെ പണം സ്വീകരിച്ചിട്ടും സെലെൻസ്കി അതിന്റെ നന്ദി കാണിക്കുന്നില്ലെന്നും ട്രംപ് ആവർത്തിച്ചു. അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്കിയുമായി വാക്കുതർക്കമുണ്ടായത് വിവാദമായിരുന്നു.
അതിനിടെ, സെലെൻസ്കി ഇന്നലെ സൗദി അറേബ്യയിലെത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് യു.എസ് - യുക്രെയിൻ പ്രതിനിധികൾ സൗദിയിൽ ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ സെലെൻസ്കി പങ്കെടുക്കില്ല.
റഷ്യയുമായി ഭാഗിക വെടിനിറുത്തലിന് (കടൽ, ആകാശം മാർഗ്ഗമുള്ള ആക്രമണങ്ങൾ നിറുത്താൻ) യുക്രെയിൻ തയ്യാറാണ്. ഇത് യു.എസുമായി ചർച്ച ചെയ്യും. ഇതിനിടെ, യു.എസുമായി ഉഭയ കക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാരംഭഘട്ടത്തിലാണ് തങ്ങളെന്ന് റഷ്യ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |