
മോസ്‌കോ: യു.എസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിറുത്തൽ കരാറിലെ വിയോജിപ്പുകൾ പ്രകടമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ മോസ്കോയിൽ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിറുത്തൽ ആശയത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നതായി പുട്ടിൻ ആവർത്തിച്ചു. എന്നാൽ നിരവധി ചോദ്യങ്ങളുടെ ഉത്തരം തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും അത് പരിഹരിക്കാതെ പോരാട്ടം നിറുത്താനാകില്ലെന്നും പുട്ടിൻ വ്യക്തമാക്കി. കരാർ എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ പുട്ടിൻ വിറ്റ്‌കോഫിനോട് ചോദിച്ചു. ഏതൊരു വെടിനിറുത്തലും ശാശ്വത സമാധാനത്തിലേക്ക് നയിക്കണമെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യു.എസിലേക്ക് തിരിച്ച വിറ്റ്‌കോഫ് ട്രംപിനെ കണ്ട് പുട്ടിന്റെ ഉപാധികൾ ധരിപ്പിക്കും. അതേസമയം, മികച്ചതും ഫലപ്രദവുമെന്നാണ് പുട്ടിൻ-വിറ്റ്‌കോഫ് ചർച്ചയെ ട്രംപ് വിശേഷിപ്പിച്ചത്. യുദ്ധം അവസാനിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രതികരിച്ചു. പുട്ടിനും ട്രംപും ഉടൻ സംസാരിക്കുമെന്നാണ് വിവരം.
പുട്ടിൻ കൗശലം കാട്ടുകയാണെന്നും കരാറിലേർപ്പെടാൻ കൂടുതൽ ഉപരോധങ്ങൾ ചുമത്തി റഷ്യക്ക് മേൽ സമ്മർദ്ദം ശക്തമാക്കണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു. ഇന്നലെ പുലർച്ചെയും റഷ്യയും യുക്രെയിനും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. യുക്രെയിനിലെ ഖാർക്കീവിൽ നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ റഷ്യയിലെ എണ്ണ സംഭരണകേന്ദ്രത്തിന് നാശനഷ്ടമുണ്ട്.
# പുട്ടിന്റെ ചോദ്യങ്ങൾ
വെടിനിറുത്തലിലൂടെ യുദ്ധത്തിന്റെ മൂലകാരണങ്ങൾ ഇല്ലാതാകുമോ ?
കുർസ്ക് മേഖലയിൽ എന്ത് സംഭവിക്കും ?
(കഴിഞ്ഞ ആഗസ്റ്റ് മുതൽ യുക്രെയിൻ കടന്നുകയറ്റം നടത്തുന്ന റഷ്യൻ പ്രദേശമാണ് കുർസ്ക്. യുക്രെയിൻ പിടിച്ചെടുത്ത കുർസ്കിന്റെ ഭൂരിഭാഗം പ്രദേശവും തിരിച്ചുപിടിച്ചെന്ന് റഷ്യ പറയുന്നു)
30 ദിവസങ്ങളെ സൈന്യത്തെ പുനരുജ്ജീവിക്കാനും ആളുകളെ പരിശീലിപ്പിക്കാനും യുക്രെയിൻ ഉപയോഗിച്ചാലോ ?
വെടിനിറുത്തലിനെ ആരാണ് നിയന്ത്രിക്കുക ? ലംഘനങ്ങളുണ്ടായോ എന്ന് ആര് നിരീക്ഷിക്കും ?
# പുട്ടിന്റെ ആവശ്യങ്ങൾ
യുക്രെയിൻ നാറ്റോ മോഹം ഉപേക്ഷിക്കണം
പിടിച്ചെടുത്ത നാല് പ്രവിശ്യകളുടെ നിയന്ത്രണം തങ്ങൾക്ക് തന്നെയായിരിക്കും
യുക്രെയിൻ സൈന്യത്തെ പരിമിതപ്പെടുത്തണം
പാശ്ചാത്യ ഉപരോധങ്ങളിൽ ഇളവ് വേണം
യുക്രെയിനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |