SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

വ്യാപാര യുദ്ധം മുറുകുന്നു --- ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന  ചൈനയ്ക്ക് ഇന്ന് മുതൽ 104 ശതമാനം തീരുവ

pic

വാഷിംഗ്ടൺ: യു.എസുമായി വ്യാപാര യുദ്ധം മുറുകുന്നതിനിടെ,അവസാനം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ചൈന. രാജ്യത്തിന് മേൽ 50 ശതമാനം അധിക തീരുവ കൂടി ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ചൈന വ്യക്തമാക്കി. ട്രംപ് ബ്ലാക്ക്‌മെയിൽ നടത്തുകയാണെന്നും ചൈന ആരോപിച്ചു. ഇതോടെ, യു.എസിലെ ഏതാനും ചൈനീസ് ഇറക്കുമതികൾക്ക് ഇന്ന് മുതൽ 104 ശതമാനമെന്ന റെക്കാഡ് തീരുവ ( 34 ശതമാനം പകരച്ചുങ്കം അടക്കം 54 ശതമാനം തീരുവ നിലവിലുണ്ട്) ഈടാക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചു.

പകരച്ചുങ്കത്തിന് തിരിച്ചടിയായി,യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധിക തീരുവ കൂടി ചൈനയ്ക്ക് ഏർപ്പെടുത്തുമെന്നാണ് ട്രംപ് തിങ്കളാഴ്ച ഭീഷണി മുഴക്കിയത്. ചൈന വഴങ്ങാത്തതിനാലാണ് തീരുവയുമായി മുന്നോട്ടുപോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്.

അതേ സമയം,യു.എസിനുള്ള ചൈനയുടെ തിരിച്ചടി തീരുവ നാളെയാണ് നിലവിൽ വരിക. ഏപ്രിൽ 2നാണ് ഇന്ത്യ,ചൈന,യൂറോപ്യൻ യൂണിയൻ തുടങ്ങി വിവിധ രാജ്യങ്ങൾക്ക് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്.

രാജ്യത്ത് ഹോളിവുഡ് സിനിമകൾ നിരോധിക്കാനും യു.എസിൽ നിന്നുള്ള കാർഷിക ഇറക്കുമതിക്ക് തീരുവ കൂട്ടാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.

ചെറുക്കാൻ യൂറോപ്യൻ യൂണിയൻ

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.31ന് പ്രാബല്യത്തിൽ വരും. ട്രംപിന്റെ താരിഫ് യുദ്ധത്തെ ചെറുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലോക രാജ്യങ്ങൾ.

യു.എസിൽ നിന്നുള്ള സോയാബീൻസ്,നട്ട്സ് തുടങ്ങിയ ഇറക്കുമതികൾക്ക് 25 ശതമാനം തിരിച്ചടി തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ചൈനയുമായും യൂറോപ്യൻ യൂണിയൻ ആശയവിനിമയം നടത്തുന്നുണ്ട്. യു.എസിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയും ചർച്ചകൾ നടത്തിയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360