SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

യു.എസിന് ഇരട്ട പ്രഹരം

pic

 48 മണിക്കൂർ വെടിനിറുത്തൽ തള്ളി ഇറാൻ

 രണ്ട് യുദ്ധവിമാനങ്ങൾ ഇറാൻ തകർത്തു
 രണ്ട് ഹെലികോപ്ടറുകൾക്ക് കേടുപാട്
 ഇറാനിൽപ്പെട്ട യു.എസ് പൈലറ്റിനായി തെരച്ചിൽ

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ശക്തമായി തുടരുന്നതിനിടെ സൈനികതലത്തിലും നയതന്ത്രതലത്തിലും യു.എസിന് 'ഇരട്ട തിരിച്ചടി".

ഇറാന്റെ സൈനികശേഷി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക്,​ 24 മണിക്കൂറിനിടെ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തുകൊണ്ട് ഇറാൻ സൈന്യം മറുപടി നൽകി.

തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിവച്ചിട്ട യു.എസിന്റെ എഫ് - 15 യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇറാൻ സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. ഇയാളെ ജീവനോടെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. പൈലറ്റ് ഇറാന്റെ പിടിയിലായാൽ യു.എസിന്റെ സൈനിക നടപടികൾക്കുള്ള നിർണായക പ്രഹരമാകുമത്.

അതേസമയം, എ - 10 വാർട്ട്ഹോഗ് മോഡലിലെ മറ്റൊരു യു.എസ് യുദ്ധവിമാനം ഇറാന്റെ വെടിയേറ്റ് ഹോർമുസ് കടലിടുക്കിന് സമീപം പേർഷ്യൻ ഉൾക്കടലിൽ തകർന്നുവീണെങ്കിലും പൈലറ്റ് രക്ഷപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകൾക്ക് കേടുപാടുണ്ടായി. യു.എസിന്റെ എം.ക്യു - 9 റീപ്പർ ഡ്രോണും ഇറാൻ വെടിവച്ചിട്ടെന്ന് റിപ്പോർട്ടുണ്ട്. ഇറാന്റെ ആകാശത്ത് യു.എസ് ആധിപത്യം നേടിയെന്ന ട്രംപിന്റെ പ്രഖ്യാപനം ഇതോടെ അപ്രസക്തമായി.

ഇതിനിടെ, യു.എസ് മുന്നോട്ടുവച്ച 48 മണിക്കൂർ വെടിനിറുത്തൽ നിർദ്ദേശം ഇറാൻ തള്ളി. യു.എസിന്റെ നിബന്ധനകൾ അതിരുകടന്നതും യുക്തിരഹിതവുമാണെന്ന് ആവർത്തിച്ച ഇറാൻ, പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വച്ച് യു.എസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും വിസമ്മതിച്ചു. പാകിസ്ഥാന്റെ മദ്ധ്യസ്ഥ ഇടപെടലുകളോട് ഇറാന് താത്പര്യമില്ലെന്നും പകരം ഖത്തറിനെയാണ് ഇറാൻ ഉചിതമായി കാണുന്നതെന്നും സൂചനയുണ്ട്. അതേ സമയം, മദ്ധ്യസ്ഥ ശ്രമങ്ങൾ തകർന്നെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ തള്ളി.

# ഇറാന് 'വീണുകിട്ടിയ ഇര'


1. പൈലറ്റിനെ ജീവനോടെ പിടികൂടിയാൽ, ഇറാൻ ദൃശ്യങ്ങൾ പുറത്തുവിട്ട് വിജയം അവകാശപ്പെട്ടേക്കും.
2. പൈലറ്റിനെ യുദ്ധത്തടവുകാരനാക്കും. യുദ്ധം അവസാനിപ്പിക്കാൻ പൈലറ്റിനെ വച്ച് വിലപേശാം

# ആശങ്കയായി ബുഷെഹർ

ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം യു.എസും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. നാലാം തവണയാണ് ബുഷെഹർ ആണവനിലയം ലക്ഷ്യമാക്കപ്പെടുന്നത്. നിലവിൽ നിലയത്തിന് കേടുപാടോ ആണവ ചോർച്ചയോ ഇല്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചാൽ ഇറാനിലെ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ ജനജീവിതവും ഇല്ലാതാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രവർത്തനം തുടരുന്ന ഇറാനിലെ ഏക ആണവ പവർപ്ലാന്റാണ് ബുഷെഹർ. റഷ്യയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

# ഞങ്ങൾ യുദ്ധത്തിലാണ്. യുദ്ധവിമാനം ആക്രമിക്കപ്പെട്ടത് നയതന്ത്ര നീക്കങ്ങളെ ബാധിക്കില്ല.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

--------------------------------------------

# യു.എസ് യുദ്ധവിമാനങ്ങളെ വിറപ്പിച്ച് ഇറാൻ

കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്തുന്ന പ്രദേശവാസികൾക്ക് 60,000 ഡോളർ (ഏകദേശം 56,00,000 രൂപ)​ പാരിതോഷികമാണ് ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളത്.


1. വെള്ളിയാഴ്ച ഉച്ചയോടെ ഇറാനിലെ കോഗിലുയേ ബോയർ - അഹ്‌മ്മദ് പ്രവിശ്യയിലെ പർവ്വത പ്രദേശത്തിന് മീതെ പറന്ന യു.എസിന്റെ എഫ് - 15 ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമായും പാരച്യൂട്ട് വഴി പുറത്തുകടന്നു


2. എഫ് - 15 യുദ്ധ വിമാനത്തിലെ പൈലറ്റുമാരെ തേടിയെത്തിയ യു.എസിന്റെ സ്പെഷ്യൽ ഫോഴ്സ് സംഘത്തിന് നേരെ ഇറാന്റെ വെടിവയ്പ്. സങ്കീർണമായ ദൗത്യത്തിനിടെ ഒരു പൈലറ്റിനെ യു.എസ് വിമാനങ്ങൾ രക്ഷിച്ചു. ഇതിനിടെ, രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് ഇറാന്റെ ആക്രമണത്തിൽ ഗുരുതര കേടുപാടായി. തലനാരിഴെ, ഇറാൻ വ്യോമപാതയ്ക്ക് പുറത്തെത്തിയ കോപ്റ്ററുകൾ മേഖലയിലെ യു.എസ് ബേസിൽ ലാൻഡ് ചെയ്തു. ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്ക്


3. ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് യു.എസിന്റെ എ - 10 തണ്ടർബോൾട്ട് വാർട്ട്ഹോഗ് വിമാനത്തെ ഇറാൻ വെടിവച്ചു. വിമാനത്തെ കുവൈറ്റിന്റെ വ്യോമാതിർത്തിയിലേക്ക് എത്തിക്കാൻ പൈലറ്റിന് കഴിഞ്ഞു. തുടർന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നു. വിമാനം പേർഷ്യൻ ഉൾക്കടലിൽ വീണു. പൈലറ്റിനെ രക്ഷപെടുത്തി

--------------------------------------------

# ഇറാന് മുന്നിൽ 48 മണിക്കൂർ

 സമാധാന കരാറിലെത്താനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാന് മുന്നിൽ ഇനി 48 മണിക്കൂർ എന്ന് ട്രംപ് ഇന്നലെ ഭീഷണി മുഴക്കി. വഴങ്ങിയില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതമെന്ന് മുന്നറിയിപ്പ് (കരാറിലെത്താൻ ഇറാന് ട്രംപ് നേരത്തെ 10 ദിവസത്തെ സമയം നൽകിയിരുന്നു. ഇത് നാളെ അവസാനിക്കും)

 ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ മുന്നോട്ടുവച്ച യു.എൻ രക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പ് മാറ്റി

 ഇസ്രയേലിൽ ടെൽ അവീവിന് കിഴക്ക് റാമത്ത് ഗാനിൽ ഇറാൻ മിസൈലാക്രമണത്തിൽ വ്യാപക നാശനഷ്ടം. ആളപായമില്ല. ബ്‌നെയ് ബ്രാക്കിൽ ഒരാൾക്ക് പരിക്ക്

 ഇറാനിലെ ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. ടെഹ്റാനിലെ ഷാഹിദ് ബഹെഷ്തി യൂണിവേഴ്സിറ്റിയിലും ബന്ദർ ലെൻഗെയിൽ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിലും ആക്രമണം. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,500 കടന്നു

 ഇറാന്റെ സ്റ്റീൽ ഉത്പാദന ശേഷിയുടെ 70 ശതമാനവും തകർത്തെന്ന് ഇസ്രയേൽ

 യു.എ.ഇയിലെ ദുബായ് മറീനയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ഇന്റർനെറ്റ് സിറ്റിയിൽ ഓറക്കിൾ കമ്പനിയുടെ കെട്ടിടത്തിൽ ഡ്രോൺ അവശിഷ്ടം പതിച്ചു. അബുദാബിയിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്ക്

 ബഹ്റൈനിലെ സിത്രയിൽ ഇറാൻ ഡ്രോൺ ആക്രമണത്തിനിടെ നാല് പേർക്ക് പരിക്ക്. വീടുകൾക്ക് കേടുപാട്

 കുവൈറ്റിലെ ബുബിയാൻ ദ്വീപിന് നേരെയും ആക്രമണം

 ഹോർമുസ് കടലിടുക്കിൽ മിസൈലാക്രമണത്തെ തുടർന്ന് ഇസ്രയേലി ബന്ധമുള്ള കപ്പലിന് തീപിടിച്ചു

 ഇറാക്കിലെ റുമൈല എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

 ഗൾഫിലെ പാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360