SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ഇന്ത്യൻ കപ്പലുകൾ ആക്രമിച്ച് ഇറാൻ, വെടിവയ്പ്പ് ഹോർമുസ് കടക്കാൻ ശ്രമിക്കവെ

ship-2


ജീവനക്കാർ സുരക്ഷിതർ,​ നാശനഷ്ടമില്ല
അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ

ടെഹ്റാൻ/ ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ബോട്ടുകൾ വെടിയുതിർക്കുകയായിരുന്നു. നാശനഷ്ടമില്ല. ജീവനക്കാർ സുരക്ഷിതരാണ്.

സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വിശദീകരണവും തേടി.

സിവിലിയൻ കപ്പലുകളെ എന്ത് അധികാരത്തിലാണ് ഇറാൻ ആക്രമിച്ചതെന്ന് ഇന്ത്യ ചോദിച്ചതായാണ് വിവരം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് അറിയിച്ചു. ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷയ്ക്ക് നടപടി സ്വീകരിക്കും.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇറാൻ വെടിവയ്പ് നടത്തിയത്. ഒമാന് വടക്കുകൂടി നീങ്ങിയ ജഗ് അർണവ്,​ 20 ലക്ഷം ബാരൽ ഇറാക്കി എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ സാൻമർ ഹെറാൾഡ് എന്നിവയ്ക്കു നേരെയായിരുന്നു ആക്രമണം. ഇരു കപ്പലുകളും ഉടൻ യു ടേൺ എടുത്ത് മടങ്ങി. ഒമാന് സമീപം ഒരു ചരക്കുകപ്പലിനു നേരെ വ്യോമാക്രമണവുമുണ്ടായി. ഏതു രാജ്യത്തിന്റേതാണെന്ന് വ്യക്തമല്ല.

ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതോടെ വെള്ളിയാഴ്ചയാണ് ഹോർമുസ് ഇറാൻ തുറന്നത്. എന്നാൽ രാജ്യത്തെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഏർപ്പെടുത്തിയ ഉപരോധം നീക്കാൻ യു.എസ് വിസമ്മതിച്ചതോടെ വീണ്ടും ഹോർമുസ് അടച്ചു.

മുന്നറിയിപ്പില്ലാതെ

പാഞ്ഞെത്തി

 റേഡിയോ മുന്നറിയിപ്പ് നൽകാതെയാണ് ഇറാൻ ബോട്ടുകൾ പാഞ്ഞെത്തി വെടിവയ്പ് നടത്തിയത്

 ഇന്ത്യയിലേക്ക് വന്ന എൽ.എൻ.ജി ടാങ്കർ അടക്കം 20 കപ്പലുകൾ പേർഷ്യൻ ഉൾക്കടലിലേക്ക് മടങ്ങി

 ഇന്ത്യൻ എൽ.പി.ജി ടാങ്കർ ഗ്രീൻ സാൻവി അടക്കം പതിനഞ്ചോളം കപ്പലുകൾ ഹോർമുസ് കടന്നു

ചരക്കു കപ്പലിന്
ഇൻഷ്വറൻസ്

ചരക്കു കപ്പലുകൾക്ക് 12,980 കോടി രൂപയുടെ ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾ (ബി.എം.ഐ പൂൾ) രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഷിപ്പിംഗ് മേഖലയ്‌ക്ക് താങ്ങാൻ കഴിയുന്ന ഇൻഷ്വറൻസ് ഉറപ്പാക്കുക,​ സമുദ്ര ഇൻഷ്വറൻസ് വിപണിയിൽ ആധിപത്യം പുലർത്തുന്ന ആഗോള ഗ്രൂപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കങ്ങൾക്ക് പരിരക്ഷ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360