SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

ജപ്പാനിൽ 'മെഗാക്വേക്ക് " ഭീതി  കടലിൽ ഭൂകമ്പത്തിന് പിന്നാലെ നേരിയ സുനാമി

pic

ടോക്കിയോ: 'മെഗാക്വേക്ക് " ഭീതിയിൽ വടക്കൻ ജപ്പാൻ. 8.0 അല്ലെങ്കിൽ അതിൽ കൂടുതൽ റിക്ടർ സ്കെയിൽ തീവ്രതയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളാണ് മെഗാക്വേക്ക്. ഇന്നലെ രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരത്ത് കടലിൽ 7.7 റിക്ടർ സ്കെയിൽ തീവ്രതയിൽ ശക്തമായ ഭൂകമ്പമുണ്ടായ പിന്നാലെ ജാപ്പനീസ് കാലാവസ്ഥാ ഏജൻസിയാണ് ഈ ആഴ്ച മെഗാക്വേക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്.

പ്രാദേശിക സമയം വൈകിട്ട് 4.53ന് ഭൂകമ്പമുണ്ടായ പിന്നാലെ ഇവേറ്റ് പ്രവിശ്യയിലെ കുജി തീരത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ സുനാമി തിരകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവേറ്റിലെ സാൻറികു തീരത്തിന് സമീപം 19 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിൽ മരണമോ നാശനഷ്ടമോ ഇല്ല. 30ഓളം പേർക്ക് പരിക്ക് റിപ്പോർട്ട് ചെയ്തു.

ഹൊക്കൈഡോ മുതൽ ഫുകുഷിമ വരെയുള്ള വടക്കൻ തീരങ്ങളിലെ 1,70,000ത്തിലേറെ പേരോട് ഉയർന്ന പ്രദേശങ്ങളിലേക്ക് ഒഴിയാൻ നിർദ്ദേശം നൽകിയിരുന്നു. അതേ സമയം, മെഗാക്വേക്കിന് തീരെ ചെറിയ സാദ്ധ്യത മാത്രമാണുള്ളതെന്നും പരിഭ്രാന്തി വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. മെഗാക്വേക്ക് അപൂർവ്വമാണെങ്കിലും കടലിൽ ഇവ ഉണ്ടാകുന്നത് ശക്തമായ സുനാമിയ്ക്ക് ഇടയാക്കും.

നാശം വിതക്കുന്ന ഭൂകമ്പവും സുനാമിയും

ലോകത്തെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഭൂകമ്പം. റിക്ടർ സ്കെയിലിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ കൂറ്റൻ സുനാമികൾക്കും കാരണമായിട്ടുണ്ട്. അക്കൂട്ടത്തിൽ മറക്കാനാകാത്ത ഒന്നാണ് 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നാശം വിതച്ച സുനാമി. അന്ന് ഡിസംബർ 26ന് സുമാത്ര തീരത്ത് കടലിനടിയിൽ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതാണ് ഇന്ത്യയെ അടക്കം നടുക്കിയ സുനാമിയ്ക്ക് കാരണമായത്. 14 രാജ്യങ്ങളിലായി ഏകദേശം 227,800 ഓളം മനുഷ്യരുടെ ജീവനാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2004 സുനാമി കവർന്നത്.

2011 മാർച്ച് 11ന് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.

റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. 1986ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360