SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഹോർമുസിൽ ഭീകരാന്തരീക്ഷം

pic

 കപ്പലുകൾ പിടിച്ചെടുക്കുന്ന ദൃശ്യം പുറത്ത്
 ഇറാനിയൻ എണ്ണക്കപ്പൽ യു.എസ് പിടിയിൽ

ടെഹ്റാൻ: സമാധാന ചർച്ച താറുമാറായതിനുപിന്നാലെ, യുദ്ധക്കളമായി ഹോർമുസ് കടലിടുക്ക്. ഹോർമുസ് കടക്കാൻ ശ്രമിച്ച ഭീമൻ ചരക്കുക്കപ്പലുകൾ തടഞ്ഞ്, അതിലേക്ക് ഇരച്ചുകയറുന്ന കമാൻഡോമാരുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ബുധനാഴ്ച പിടിച്ചെടുത്ത എപാമിനോണ്ടസ്, എം.എസ്.സി ഫ്രാൻസെസ്‌ക കപ്പലുകളിലെ ദൃശ്യങ്ങളാണിവ.

മുഖംമൂടി ധരിച്ച് റൈഫിളുകളുമായി സ്പീഡ് ബോട്ടുകളിലെത്തിയ റെവല്യൂഷണറി ഗാർഡ് കമാൻഡോമാർ കപ്പലിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും നിയന്ത്രണം കൈക്കലാക്കുന്നതും വീഡിയോയിലുണ്ട്. യു.എ.ഇയിലെ ഖലീഫയിൽ നിന്ന് ഗുജറാത്തിലെ മുന്ദ്രയിലേക്ക് പുറപ്പെട്ടതാണ് എപാമിനോണ്ടസ്.

അതേസമയം, ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസിന്റെ ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് തുറക്കുന്നത് അസാദ്ധ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് വ്യക്തമാക്കി. യു.എസ് നേവി ഹോർമുസിലേക്ക് പ്രവേശിക്കാതിരിക്കാൻ റെവല്യൂഷണറി ഗാർഡ് സ്പീഡ് ബോട്ടുകളും മറൈൻ ഡ്രോണുകളും നിലയുറപ്പിച്ചിട്ടുണ്ട്.

ഹോർമുസ് കടന്ന ഒരു കപ്പലിൽ നിന്ന് പിരിച്ചെടുത്ത ടോൾ തുക ഇറാനിയൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് പാർലമെന്റ് വൈസ് സ്പീക്കർ ഹമീദ് റേസാ ഹാജിബാബൈ അവകാശപ്പെട്ടു. എന്നാൽ ഈ ടോൾ എന്ന്, എപ്പോൾ, ആരിൽ നിന്ന് പിരിച്ചു തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ എണ്ണയുമായി ചൈനയിലേക്ക് പോയ കപ്പൽ യു.എസ് പിടിച്ചെടുത്തു. മജസ്‌റ്റിക് എക്‌സ് എന്ന കപ്പലാണ് ഇന്നലെ ശ്രീലങ്കയ്ക്കും ഇൻഡോനേഷ്യയ്ക്കും ഇടയിൽവച്ച് പിടിയിലായത്.

# 6 മാസം കാത്തിരിക്കണം ?

ഹോർമുസിൽ കപ്പലുകൾ തകർക്കാൻ ഇറാൻ സ്ഥാപിച്ചിരിക്കുന്നത് സ്മാർട്ട് നേവൽ മൈനുകളാണെന്നും ഇവ പൂർണമായി നീക്കാൻ ആറ് മാസത്തോളം വേണ്ടിവരാമെന്നും യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. സെൻസറുകളുടെ സഹായത്താൽ കാന്തിക വലയങ്ങൾ, ജല മർദ്ദ വ്യതിയാനം എന്നിവ തിരിച്ചറിയുന്ന ഇത്തരം മൈനുകൾ ജി.പി.എസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. വിദൂര പ്രദേശത്ത് നിന്നും ഇവയെ ആക്ടിവേറ്റ് ചെയ്യാൻ കഴിയും. യു.എസിന്റെ ഉപകരണങ്ങൾക്ക് ഇത്തരം മൈനുകളെ കണ്ടെത്തി നിർവീര്യമാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഹോർമുസിൽ മൈനുകൾ സ്ഥാപിക്കുന്ന ഏതൊരു ബോട്ടിനെയും തകർക്കാൻ യു.എസ് നേവിയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകി.

# മിസൈൽ പ്രദർശിപ്പിച്ച് ഇറാൻ

 ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചുള്ള വമ്പൻ സർക്കാർ അനുകൂല റാലി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്നു. ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ വാദങ്ങൾക്കിടെയാണ് ശക്തിപ്രകടനം

 യു.എസ് നേവി സെക്രട്ടറി ജോൺ ഫെലാനെ പുറത്താക്കി. യുദ്ധക്കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്തുമായുള്ള ഭിന്നതയുമാണ് കാരണം

 തന്റെ അഭ്യർത്ഥന മാനിച്ച് 8 സ്ത്രീകളുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയെന്ന് ട്രംപ്. നുണപ്രചാരണം എന്ന് ഇറാൻ

 ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തക അടക്കം 5 പേർ കൊല്ലപ്പെട്ടു. ലെബനനിൽ 17ന് നിലവിൽ വന്ന പത്ത് ദിവസത്തെ ഇസ്രയേൽ വെടിനിറുത്തൽ നീട്ടാനുള്ള ചർച്ച ഇന്നലെ വാഷിംഗ്ടണിൽ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുന്നേയായിരുന്നു സംഭവം

# നെതന്യാഹുവിനോട് നോ പറഞ്ഞ്

ബുഷ്, ഒബാമ, ബൈഡൻ

ഇറാനെതിരെ യുദ്ധം ചെയ്യണമെന്ന് യു.എസ് മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടേതാണ് വെളിപ്പെടുത്തൽ. മൂന്ന് പ്രസിഡന്റുമാരും ആവശ്യം തള്ളിയെന്നും എന്നാൽ ട്രംപ് അംഗീകരിച്ചെന്നും കെറി ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞു. ഇറാന്റെ സൈനിക തകർച്ചയും ഭരണമാറ്റവുമായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യമെന്നും കെറി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360