SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

'തായ്‌വാൻ ട്രാവലോഗി'ന് ഇന്റർനാഷണൽ ബുക്കർ പ്രൈസ്

g

ലണ്ടൻ: ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം തായ്‌വാനീസ് എഴുത്തുകാരി യാംഗ് ഷുവാങ്സിയുടെ 'തായ്‌വാൻ ട്രാവലോഗ് ' എന്ന നോവലിന്. ഇംഗ്ലീഷിലേക്ക് മൊഴിമാ​റ്റം നടത്തിയ ഇതര ഭാഷാകൃതികൾക്കുള്ള ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ തായ്‌വാനീസ് എഴുത്തുകാരിയാണ് യാംഗ്. മാൻഡരിൻ ചൈനീസ് ഭാഷയിൽ രചിച്ച നോവൽ തായ്‌വാനീസ്-അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയുമായ ലിൻ കിംഗ് ആണ് പരിഭാഷപ്പെടുത്തിയത്. സമ്മാനത്തുകയായ 50,000 പൗണ്ട് ( 64,90,730 രൂപ) ഇരുവരും പങ്കിടും.

ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് തായ്‌വാന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നോവലിനെ വിധികർത്താക്കൾ തിരഞ്ഞെടുത്തത്. മാൻഡരിൻ ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ഒരു നോവലിന് സമ്മാനം ലഭിക്കുന്നത് ആദ്യമാണ്.

1930കളിലെ ജാപ്പനീസ് കൊളോണിയൽ ഭരണ കാലഘട്ടത്തിലെ തായ്‌വാനെ പശ്ചാത്തലമാക്കിയുള്ളതാണ് നോവൽ. ഒരു ജാപ്പനീസ് എഴുത്തുകാരിയും അവരുടെ തായ്‌വാനീസ് പരിഭാഷകയും നടത്തുന്ന യാത്രകളും സങ്കീർണമായ സൗഹൃദവും പ്രണയവും രാഷ്ട്രീയവും കൊളോണിയൽ ഭരണക്കാഴ്ചപ്പാടുകളും ഇടകലർന്നതാണ് യാത്രാവിവരണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട ഈ നോവലിന്റെ ഇതിവൃത്തം.

ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഫിക്ഷൻ രചനകളാണ് ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ 'ബുക്കർ' പ്രൈസിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നൽകി തുടങ്ങിയത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ പ്രൈസ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, BOOKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360