
ന്യൂയോർക്ക്: ദിനോസറുകളുടെ കൂട്ടത്തിലെ ഭീകരനായ ടി - റെക്‌സ് അഥവാ ടൈറനോസോറസ് റെക്സിന്റെ 6.7 കോടി വർഷം പഴക്കമുള്ള ഫോസിലിന് പൊന്നുംവില. 'ഗസ് ' എന്ന ഭീമൻ ദിനോസർ ഫോസിലാണ് 50.13 മില്യൺ ഡോളർ നേടി റെക്കാഡ് സ്ഥാപിച്ചത്. ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റ ദിനോസർ ഫോസിലെന്ന നേട്ടം ഇനി ഗസിന് സ്വന്തം.
14ന് ന്യൂയോർക്കിൽ സതബീസ് ഓക്‌ഷൻ ഹൗസായിരുന്നു ലേലം നടത്തിയത്. ദിനോസർ വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 30 മില്യൺ ഡോളർ വരെയാണ് ഗസിന് പ്രതീക്ഷിച്ചിരുന്നത്. 'ഏപക്സ്' എന്ന സ്റ്റെഗോസോറസ് ഫോസിലിന്റെ റെക്കാഡാണ് ഗസ് ഭേദിച്ചത്.
2024ൽ 44.6 മില്യൺ ഡോളറിനാണ് ഏപക്സിനെ ലേലം ചെയ്തത്. 2021ൽ യു.എസിലെ സൗത്ത് ഡക്കോട്ടയിലെ ഹാർഡിംഗ് കൗണ്ടിയിലുള്ള ഹെൽ ക്രീക്ക് ഫോർമേഷൻ പരിധിയിൽ നിന്നാണ് ഗസിന്റെ ഫോസിൽ കണ്ടെത്തിയത്. ഗാരി ഗസ് ലിക്കിംഗ് എന്ന കന്നുകാലി കർഷകന്റെ സ്വകാര്യ ഭൂമിയിൽ നിന്നാണ് ലഭിച്ചത് എന്നതിനാലാണ് ഗവേഷകർ ഫോസിലിന് ഗസ് എന്ന പേര് നൽകിയത്.
12.5 അടി ഉയരവും തല മുതൽ വാല് വരെ 38 അടി നീളവും ഗസിനുണ്ട്. 183 അസ്ഥി ഘടകങ്ങൾ കൂട്ടിച്ചേർത്താണ് ഗസിന്റെ അസ്ഥികൂടം പുനർനിർമ്മിച്ചത്. എല്ലുകളുടെ എണ്ണം പരിഗണിച്ചാൽ ഗസിന്റെ അസ്ഥികൂടം 61 ശതമാനം പൂർണമാണ്. അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും പൂർണമായ ടി-റെക്‌സ് ഫോസിലുകളുടെ പട്ടികയിലാണ് ഗസുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |