
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകണമെന്ന ശുഭ പ്രഖ്യാപനം ബ്രിക്സ് ഉച്ചകോടിയിൽ നിന്നുവന്നുകഴിഞ്ഞു. ഹോർമുസ് കടലിടുക്കിൽ യു.എസും ഇറാനും ഏറ്റുമുട്ടൽ തുടരുന്നതിനാൽ ആഗോള ഊർജ്ജ വിപണി മുൾമുനയിലായ സമയത്താണ് പ്രഖ്യാപനമുണ്ടാകുന്നത്.
ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് ഇന്നലെ 109 ഡോളർ കടന്നു. ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടക്കാതിരിക്കാൻ യു.എസിന്റെ കപ്പൽപ്പട മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണക്കയറ്റുമതിയെ വരിഞ്ഞുമുറുക്കി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തിക്കുകയാണ് യു.എസ് ലക്ഷ്യം.
എന്നാൽ ഇറാനാകട്ടെ മുട്ടുമടക്കാൻ തയ്യാറല്ല. വാണിജ്യക്കപ്പലുകൾക്ക് മുന്നിൽ ഇറാനും ഹോർമുസിന്റെ വാതിലടച്ചു. സൈന്യത്തിന്റെ അനുമതിയില്ലാതെ ഹോർമുസ് കടക്കുന്ന കപ്പലുകളെ ഇറാൻ ആക്രമിക്കുന്നതും തുടരുന്നു. വിരലിലെണ്ണാവുന്ന കപ്പലുകളാണ് പ്രതിദിനം ഹോർമുസ് കടക്കുന്നത്.
# ടാങ്കർ യുദ്ധം
ഹോർമുസിന്റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തമ്മിലെ പോരാട്ടം ടാങ്കർ യുദ്ധത്തിലേക്ക് വഴിമാറി. ഈമാസം 5 മുതൽ ഇറാന്റെ 8 എണ്ണ ടാങ്കറുകൾ യു.എസും, എണ്ണ ടാങ്കറുകളും ചരക്കുക്കപ്പലുകളും അടക്കം യു.എസ് ബന്ധമുള്ള 20ലേറെ കപ്പലുകൾ ഇറാനും ആക്രമിച്ചു
ഹോർമുസ് അടച്ചിട്ടില്ലെന്നും കപ്പലുകൾ കടക്കുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പിക് ആക്സ് മൗണ്ടനും ഖാർഗ് ദ്വീപും ആക്രമിക്കുമെന്നും ഭീഷണി
ഹോർമുസിൽ കൂടുതൽ നേവൽ മൈനുകൾ സ്ഥാപിച്ച് ഇറാൻ. ഒമാൻ ഉൾക്കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ നീളുന്ന നിരോധിത മേഖല പ്രഖ്യാപിച്ച് അനുവാദമില്ലാതെ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധപ്പട്ടികയിൽ പെടുത്തുമെന്നും ഭീഷണി
# അടിയന്തര ചർച്ചയ്ക്ക് ഒമാൻ
ഒമാനിൽ നാളെ അടിയന്തര ഹോർമുസ് ചർച്ച. ഇറാനും ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ഹോർമുസ് തുറക്കാനുള്ള കരാറിന് ഇറാനും ഒമാനും നേരത്തെ തത്വത്തിൽ ധാരണയിലെത്തിയിരുന്നു. ഇറാനും ഒമാനും ഹോർമുസിന്റെ നിയന്ത്രണം പങ്കിടുന്നതാണ് കരാർ. എന്നാൽ യു.എസ് നാവിക ഉപരോധം നീക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നത് വെല്ലുവിളി.
# പൈപ്പ് ലൈൻ അടച്ച് സൗദി
ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ സൗദി അറേബ്യ താത്കാലികമായി അടച്ചു. നടപടി ഡ്രോൺ ആക്രമണത്തെ തുടർന്ന്. പിന്നിൽ ഇറാക്കിലെ ഇറാൻ/ഹൂതി അനുകൂല ഗ്രൂപ്പുകൾ. റിയാദിലെയും മദീനയിലെയും പമ്പിംഗ് സ്റ്റേഷനുകൾക്ക് കേടുപാട്
ഹോർമുസ് പ്രതിസന്ധി മറികടക്കാൻ സൗദിയെ സഹായിക്കുന്നത് പൈപ്പ് ലൈൻ. പേർഷ്യൻ ഉൾക്കടൽ തീരത്തെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ചെങ്കടൽ തീരത്തെ യാൻബുവിലേക്ക് എണ്ണയെത്തിക്കും. 1,201 കിലോമീറ്റർ നീളം
യെമനിൽ ഹൂതി വിമതർക്കെതിരെ സൗദിയും യെമനീസ് സർക്കാരും ആക്രമണം കടുപ്പിച്ചു. യെമന്റെ ചെങ്കടൽ തീരം നിയന്ത്രണത്തിലാക്കി ഹൂതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |