
ടെഹ്റാൻ: യു.എസ് ആക്രമണം പുനഃരാരംഭിച്ചാൽ, പേർഷ്യൻ ഉൾക്കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കുമെന്നും മേഖലയിലെ സേവനങ്ങൾ നിശ്ചലമാക്കുമെന്നും ഇറാൻ. ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് യു.എസ് ഒരുങ്ങുന്നതിനിടെയാണിത്.
'യു.എസ് പ്രകോപനം ആവർത്തിച്ചാൽ തങ്ങൾ തിരിഞ്ഞുനോക്കില്ല. യാതൊരു ഇളവുമില്ലാതെ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ മുഴുവനും ആക്രമണ പരിധിയിലാക്കും"- ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് അടിയിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന ഇന്റർനെറ്റ് കേബിളുകൾ ഇറാന്റെ റഡാറിലാണ്. തകർക്കുകയല്ല, അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും ഇറാൻ പറയുന്നു. ഇതിനായി എത്തുന്ന കപ്പലുകളെ തടയും. ഇന്റർനെറ്റ് തകരാർ ദിവസങ്ങളോ മാസങ്ങളോളമോ നീളാനും ബാങ്കിംഗ് സേവനങ്ങൾ അടക്കം താറുമാറാകാനും ഇത് കാരണമാകും.
ഗൾഫ് മേഖലയെ പ്രതികൂലമായി ബാധിക്കും. ഗുരുതര പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ട് ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഗൾഫ് രാജ്യങ്ങൾ യു.എസിന് മേൽ സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.
ഇന്റർനെറ്റിന്റെ
നട്ടെല്ല്
ഇന്റർനെറ്റിന്റെ നട്ടെല്ലാണ് അന്തർ സമുദ്ര കേബിളുകൾ. ഈ കേബിളുകളിലുണ്ടാകുന്ന തടസങ്ങൾ 2006ലെ തായ്വാൻ ഭൂകമ്പത്തിന് പിന്നാലെ സംഭവിച്ചതു പോലുള്ള ഗുരുതരമായ ഇന്റർനെറ്റ് തകരാറുകൾക്ക് കാരണമാകാം. അന്താരാഷ്ട്ര ഇന്റർനെറ്റ് ഡേറ്റയുടെ 99 ശതമാനവും കടന്നുപോകുന്നത് കടലിനടിയില ഈ ഫൈബർ ഒപ്റ്റിക് ലൈനുകളിലൂടെ. ആഗോളതലത്തിലെ വിവര കൈമാാറ്റത്തിന് കര അധിഷ്ഠിത സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു.
ഗൾഫിനെ ബാധിക്കും
അന്താരാഷ്ട്ര ഇന്റർനെറ്റ് ബാൻഡ്വിഡ്ത്തിന്റെ ഒരു ശതമാനത്തിൽ താഴെ ഹോർമുസ് കടലിടുക്കിലൂടെ നേരിട്ട് കടന്നുപോകുന്നുള്ളൂ. ഇവ ആക്രമിക്കപ്പെട്ടാലുള്ള ആഗോള ആഘാതം കുറവായിരിക്കും
ഗൾഫിലുടനീളമുള്ള ഇന്റർനെറ്റ് വേഗത വളരെ കുറയും. ഓൺലൈൻ പണമിടപാട്, ഇ-കൊമേഴ്സ്, ക്ലൗഡ് സേവനങ്ങൾ തുടങ്ങിയവ തടസപ്പെടും. ഐ.ടി മേഖലയ്ക്ക് തിരിച്ചടി
ചെങ്കടലിലൂടെയുള്ള കേബിൾ കണക്ഷനുകൾ വഴിയും കരമാർഗമുള്ള സംവിധാനങ്ങൾ വഴിയും ഗൾഫ് രാജ്യങ്ങൾക്ക് പ്രതിസന്ധിയെ മറികടക്കാം. സൗദി അറേബ്യയ്ക്കാണ് പ്രധാനമായും ചെങ്കടലിലൂടെ കേബിളുകളുള്ളത്.
ചെങ്കടൽ സങ്കീർണം
യെമനിലെ ഹൂതി വിമതരും ഇറാന്റെയൊപ്പം ചേർന്നാൽ കാര്യങ്ങൾ സങ്കീർണമാകും. ആഗോള ഇന്റർനെറ്റ് ഡേറ്റയുടെ 10 ശതമാനം കടന്നുപോകുന്നത് ചെങ്കടലിലൂടെയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ പ്രധാന കേബിളുകൾ ഇതുവഴിയാണ്. തടസമുണ്ടായാൽ കടുത്ത പ്രതിസന്ധിയുണ്ടാക്കും. നിലവിൽ ഹൂതികൾ പരസ്യമായി അത്തരം ഭീഷണി മുഴക്കിയിട്ടില്ല.
ഇറാനെതിരെ മറ്റൊരു എപിക് ഫ്യൂരി കൂടി ഉണ്ടായേക്കും.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
(ഫെബ്രുവരിയിൽ ഇറാനെതിരെ തുടങ്ങിയ യു.എസ് ഓപ്പറേഷനാണ് എപിക് ഫ്യൂരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |