SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

ആർക്കും ഭൂരിപക്ഷമില്ല,​ ഇസ്രയേൽ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

n

ടെൽ അവീവ്: ആഴ്ചകളോളം നീളുന്ന രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് ഇസ്രയേലിനെ തള്ളിവിട്ട് തിരഞ്ഞെടുപ്പ് ഫലം. 120 അംഗ പാർലമെന്റിലെ (നെസെറ്റ്) കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാൻ ആർക്കുമായില്ല. 53 സീറ്റിൽ ലീഡുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം മുന്നിലെത്തി. യാഷർ പാർട്ടി നേതാവും മുൻ ആർമി തലവനുമായ ഗാഡി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യം തൊട്ടുപിന്നിൽ, 48 സീറ്റ്. ഇരുസഖ്യത്തിന്റെയും ഭാഗമല്ലാത്ത അറബ് പാർട്ടികൾ 19 സീറ്റിൽ ലീഡുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തി. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് വലിയ ഒറ്റക്കക്ഷി (26 സീറ്റ്). യാഷർ രണ്ടാമത് (21 സീറ്റ്). ഒടുവിലത്തെ കണക്കനുസരിച്ച് 85.6% വോട്ടെണ്ണി.

സൈനികരുടെയും നയതന്ത്രജ്ഞരുടെയും മറ്റും വോട്ടുകൾ കൂടിയെണ്ണാനുണ്ട്. വോട്ടെണ്ണൽ പൂർത്തിയാക്കാൻ നാളെ വരെ സമയമുണ്ട്. ഇതോടെ സീറ്റ് നിലയിൽ മാറ്റമുണ്ടാകുമെങ്കിലും ആരും ഭൂരിപക്ഷത്തിലെത്താനിടയില്ല. അതിനിടെ സർക്കാർ രൂപീകരിക്കുമെന്ന് നെതന്യാഹുവും ഐസൻകോട്ടും വെല്ലുവിളിച്ചു. സർക്കാർ രൂപീകരണത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടി വരാം. അതുവരെ നെതന്യാഹുവിന്റെ കാവൽ സർക്കാർ തുടരും.

# സർക്കാരായില്ലെങ്കിൽ

വീണ്ടും തിരഞ്ഞെടുപ്പ്


1. അന്തിമ ഫലം സൂക്ഷ്മ പരിശോധനയ്ക്കുശേഷം ഇലക്ഷൻ കമ്മിറ്റി പ്രസിദ്ധീകരിക്കുക നവംബർ 4ന്. ശേഷം പാർട്ടി നേതാക്കളുമായി പ്രസിഡന്റിന്റെ ചർച്ച. സഖ്യങ്ങൾക്ക് പ്രധാനമന്ത്രി നോമിനിയെ നിർദ്ദേശിക്കാം

2. ഭൂരിപക്ഷം തെളിയിക്കാൻ സാദ്ധ്യതയുള്ള നേതാവിനെ പ്രസിഡന്റ് തിരഞ്ഞെടുക്കും (കൂടുതൽ സീറ്റുള്ള പാർട്ടി നേതാവാകണമെന്നില്ല). സർക്കാരുണ്ടാക്കാൻ പരമാവധി സമയം 42 ദിവസം. പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് പ്രസിഡന്റ് 28 ദിവസത്തെ സമയം നൽകും

3. അതും നടന്നില്ലെങ്കിൽ മൂന്നാമതൊരു നേതാവിന് അവസരം. സമയപരിധി 14 ദിവസം. പരാജയപ്പെട്ടാൽ പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്

# അറബ് പാർട്ടികൾ

കിംഗ്‌മേക്കർ ?


സീറ്റ് കൂടുതലുള്ള സഖ്യം സർക്കാരുണ്ടാക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല. പാർലമെന്റിലെ അവിശ്വാസ വോട്ടിൽ 61 പേരുടെ പിന്തുണ നേടണം. അറബ് പാർട്ടികൾക്ക് സഖ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തോ, വോട്ടിൽ നിന്ന് വിട്ടുനിന്നോ സഹായിക്കാം. അറബ് പാർട്ടികളുമായി സഹകരിക്കുന്നത് രാജ്യദ്രോഹമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. പ്രതിപക്ഷ നിരയിലെ വലതുപക്ഷ അംഗങ്ങളെ അടർത്തിയെടുക്കാൻ നെതന്യാഹുപക്ഷം ശ്രമിക്കും. സഖ്യത്തിന് തയ്യാറാകില്ലെങ്കിലും സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം അറബ് പിന്തുണ തേടിയേക്കാം. നെതന്യാഹുവിനെ പുറത്താക്കാൻ അറബ് പാർട്ടികളും സഹകരിച്ചേക്കും.

# തിരിച്ചടികൾക്കിടെയിലും

തോൽക്കാതെ നെതന്യാഹു

ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ നെതന്യാഹുവിന് എതിരായിരുന്നു. ഐസൻകോട്ട് വിജയപ്രഖ്യാപനം നടത്തി. നെതന്യാഹുവിനെ ജനങ്ങൾ തള്ളിയെന്നും രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം വിരമിക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയതോടെ നെതന്യാഹു സഖ്യം മുന്നിലെത്തി. ശക്തമായ വലതുപക്ഷ, ദേശീയ സർക്കാരിനെ രൂപീകരിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ആശയപരമായ വിയോജിപ്പുകളുള്ള പാർട്ടികൾ അടങ്ങുന്നതിനാൽ പ്രതിപക്ഷത്ത് ഭിന്നതയ്ക്ക് സാദ്ധ്യതയുണ്ടെന്ന് നെതന്യാഹു കണക്കുകൂട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360