
റിയാദ്: യെമനിലെ ഹൂതി വിമതർ ആക്രമണങ്ങൾ ശക്തമാക്കിയതിനുപിന്നാലെ, വെടിനിറുത്തൽ നടപ്പാക്കാൻ സൗദി അറേബ്യ 100 കോടി ഡോളർ വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്. യെമനിൽ ഹൂതി നിയന്ത്രണപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും മറ്റുമുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പാക്കേജ്. തിങ്കളാഴ്ച ടെഹ്റാനിൽ ചർച്ചയ്ക്കെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ഇറാൻ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്ന് വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മക്ക പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി തുർക്കി ദേശീയ ഇന്റലിജൻസ് ഓർഗനൈസേഷൻ മേധാവി ഇബ്രാഹിം കാലിൻ, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ എന്നിവരും ഖാലിദിനൊപ്പമുണ്ടായിരുന്നു.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാ മേധാവി മൊഹ്‌സീൻ റെസായി തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി. വിമാനത്താവളങ്ങൾക്കുനേരെയുൾപ്പെടെ നടക്കുന്ന ആക്രമണം ഹൂതികൾ ഉടൻ നിറുത്തണമെന്ന് സൗദി ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ഇക്കാര്യം സൗദി സ്ഥിരീകരിച്ചിട്ടില്ല. ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ നേതൃത്വത്തിലെ സഖ്യ സേനയും യെമനീസ് സൈന്യവും ആക്രമണം തുടരുന്നുണ്ട്. എന്നാൽ ഇതുവരെയും സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾക്ക് തടയിടാനായിട്ടില്ല. നേരിട്ടുള്ള ചർച്ചകൾക്ക് ഹൂതികൾ തയ്യാറല്ലാത്തതിനാലാണ് അവരുടെ സഖ്യ കക്ഷിയായ ഇറാൻ വഴി വെടിനിറുത്തലിന് ശ്രമിക്കുന്നത്.
സൗദി മന്ത്രാലയം
ആക്രമിച്ചെന്ന്
റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ. മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ച് പൊട്ടിത്തെറിച്ചു. അഭ, നജ്രാൻ വിമാനത്താവളങ്ങളും റാസ് തനൂറ എണ്ണ റിഫൈനറിയും ആക്രമിച്ചെന്നും രണ്ട് സൈനിക ജെറ്റുകൾ തകർത്തെന്നും അവകാശപ്പെട്ടു. സൗദി പ്രതികരിച്ചിട്ടില്ല. എന്നാൽ, രാജ്യത്തെ ലക്ഷ്യമാക്കിയ നിരവധി മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് സൗദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |