
ആലപ്പുഴ: പതിറ്റാണ്ടുകൾ ചുവപ്പണിഞ്ഞു നിന്ന ആലപ്പുഴയുടെ മണ്ണിൽ മാറ്റത്തിന്റെ തരംഗം തീർത്ത് കോൺഗ്രസിന്റെ യുവപോരാളി എ.ഡി. തോമസ്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പ്രത്യേകതയും ഇനി തോമസിന് തന്നെ. സിപിഎമ്മിന്റെ കരുത്തനായ നേതാവും സിറ്റിംഗ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകൾക്ക് അട്ടിമറിച്ചാണ് ഈ മുപ്പതുകാരന്റെ തേരോട്ടം.
നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ ഗൺമാന്റെ മർദനമേറ്റ് രക്തം വാർന്നു നിന്ന തോമസിന്റെ ചിത്രം കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല. അന്ന് സോഷ്യൽ മീഡിയ 'പോരാളി' എന്ന് വിശേഷിപ്പിച്ച അതേ ചെറുപ്പക്കാരനാണ് ഇന്ന് ചെങ്കോട്ടകളെ തകത്ത് ആലപ്പുഴ പിടിച്ചെടുത്തത്. ഈ മുന്നേറ്റം കോൺഗ്രസ് ക്യാമ്പുകളെ പോലും അമ്പരപ്പിച്ചു. 2021ൽ ചിത്തരഞ്ജൻ നേടിയ 11,644 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നാണ് ഇത്തവണ തോമസ് 81,065 വോട്ടുകൾ നേടിയത്. ബിജെപിയുടെ എം.ജെ. ജോബിന് 15,373 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നാണ് തോമസിന്റെ വളർച്ച. പതിനേഴാം വയസിൽ പിതാവ് ഡൊമിനിക് ജാക്സനൊപ്പം കടലിൽ പോയി ജീവിതം തുടങ്ങി. പൊന്തുവള്ളത്തിൽ മീൻ പിടിച്ചും പെട്രോൾ പമ്പിൽ ജോലി ചെയ്തുമാണ് തോമസ് കുടുംബത്തെ പോറ്റിയത്. കൂലിപ്പണിക്കും മത്സ്യബന്ധനത്തിനിടയിലും പഠനം കൈവിടാതെയാണ് തോമസ് മുന്നോട്ടുപോയത്. സെന്റ് മൈക്കിൾസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുത്താണ് പഠനച്ചെലവ് കണ്ടെത്തിയത്.
മാരാരിക്കുളം അരശർക്കടവിൽ വീട്ടിൽ ഡൊമിനിക്കിന്റെയും അക്കാമ്മയുടെയും മൂത്ത മകനായ തോമസ്, രണ്ട് സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. സമരപോരാട്ടങ്ങൾക്കിടയിൽ 18 കേസുകൾ തോമസിനെ തേടിയെത്തിയെങ്കിലും അതൊന്നും ഈ യുവനേതാവിന്റെ മുന്നേറ്റത്തെ തടഞ്ഞില്ല. പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിക്കുമ്പോൾ, അത് സാധാരണക്കാരനായി വളർന്ന് പൊരുതി ജയിച്ച ഒരു യുവാവിന്റെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരം കൂടിയായി മാറുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |