
മിയാമി: ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ശേഷം ലോക ഫുട്‌ബോളിന്റെ സിംഹാസനം അലങ്കരിക്കുമെന്ന് കരുതിയിരുന്ന നെയ്മറുടെ കരിയർ പലപ്പോഴും പരിക്കുകൾ കാരണം തടസപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരിക്കിനെ തുടർന്ന് 100ലധികം മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. ബ്രസീൽ പ്രസിഡന്റ് അടുത്തിടെ 'വർക്ക് ഫ്രം ഹോം ഫുട്‌ബോളർ' എന്ന് നെയ്മറെ പരിഹസിച്ചിരുന്നു.
ഇപ്പോഴിതാ കാൽപ്പന്ത് പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് താരം വീണ്ടും മഞ്ഞക്കുപ്പായത്തിൽ ഇന്ന് മൈതാനത്തിറങ്ങി. 981 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നെയ്മർ ബ്രസീൽ ജേഴ്സിയിൽ വീണ്ടും പന്ത് തട്ടിയത്. ലോകകപ്പിൽ സ്‌കോട്‌ലൻഡിനെതിരായ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിലാണ് ആരാധകരെ ആവേശം കൊള്ളിച്ച താരത്തിന്റെ മടങ്ങിവരവ്.
പരിക്കിനെ തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും നെയ്മറിന് നഷ്ടമായിരുന്നു. മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരായ മത്സരങ്ങളിൽ താരം ഗാലറിയിലിരുന്നാണ് ടീമിനെ പിന്തുണച്ചത്. മത്സരത്തിന്റെ 76-ാം മിനിട്ടിൽ മാത്യൂസ് കുൻഹയ്ക്ക് പകരക്കാരനായി നെയ്മർ ഇറങ്ങിയപ്പോൾ മിയാമിയിലെ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
സ്‌കോട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ബ്രസീൽ, ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. വിജയത്തിന് പിന്നാലെ വികാരനിർഭരമായ രംഗങ്ങളായിരുന്നു മൈതാനത്ത് അങ്ങേറിയത്. കളി അവസാനിച്ചയുടൻ ഗാലറിയിലുണ്ടായിരുന്ന തന്റെ പങ്കാളി ബ്രുണ ബിയാൻ കാർഡിയുടെയും മകളുടെയും അടുത്തേക്കാണ് നെയ്മർ ഓടിച്ചെന്നത്.
നീണ്ട നാളത്തെ പരിക്കിന്റെയും അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ ഒടുവിൽ ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ താരം കണ്ണീരണിഞ്ഞു. ബ്രസീലിനായി 129 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മറാണ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |