
വാൻകൂവർ: ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ താരമാണ് നിഷാൻ വേലുപ്പിള്ളൈ. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്‌ട്രേലിയ അട്ടിമറിച്ച മത്സരത്തിലാണ് ഇരുപത്തിയഞ്ചുകാരനായ നിഷാൻ ആദ്യമായി ലോകകപ്പ് കുപ്പായം അണിഞ്ഞത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. നിലവിലെ ലോകകപ്പിൽ കളിക്കുന്ന നാല് ഇന്ത്യൻ വംശജരായ കളിക്കാരിൽ ഒരാളാണ് നിഷാൻ. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായുള്ള താരത്തിന്റെ എട്ടാമത്തെ മത്സരമായിരുന്നു ഇത്.
തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ഓസ്‌ട്രേലിയ ഗംഭീരമാക്കി. ആദ്യ പകുതിയിൽ നെസ്റ്റോറി ഇരങ്കുണ്ട നേടിയ ഗോളിൽ ഓസ്‌ട്രേലിയ 1-0 ന് മുന്നിലായിരുന്നു. തുടർന്ന് കടുത്ത പ്രതിരോധത്തിലൂന്നിയ കളിയാണ് സോക്കറൂസ് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കോണർ മെറ്റ്കാഫ് കൂടി ലക്ഷ്യം കണ്ടതോടെ തുർക്കിയുടെ പതനം പൂർത്തിയായി. മത്സരത്തിൽ ആകെ 28 ഷോട്ടുകളുതിർത്ത് തുർക്കി ഓസ്‌ട്രേലിയൻ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. വെറും എട്ട് ഷോട്ടുകളിൽ നിന്നാണ് ഓസ്‌ട്രേലിയ രണ്ട് ഗോളുകൾ കണ്ടെത്തിയത്.
ആരാണ് നിഷാൻ വേലുപ്പിള്ളൈ
2001 മേയ് ഏഴിന് മെൽബണിലാണ് നിഷാൻ വേലുപ്പിള്ളൈ ജനിച്ചത്. ആംഗ്ലോ-ഇന്ത്യൻ വംശജയായ ജിലിയൻ വേലുപ്പിള്ളൈ ആണ് നിഷാന്റെ അമ്മ. തമിഴ്നാട്ടിലാണ് ഇവരുടെ കുടുംബവേരുകൾ. മെൽബൺ വിക്ടറിയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് നിഷാൻ തന്റെ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്. കഠിനാധ്വാനത്തിലൂടെ മെൽബൺ വിക്ടറിയുടെ ജൂനിയർ നിരകളിൽ നിന്ന് വളർന്നുവന്ന താരം 2019-ൽ ക്ലബ്ബിനായി തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ഇതുവരെ ക്ലബ്ബിനായി 128 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ നിഷാൻ 19 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
ക്ലബ്ബ് ഫുട്‌ബോളിലെ മികച്ച പ്രകടനത്തെത്തുടർന്ന് ഓസ്‌ട്രേലിയയുടെ അണ്ടർ-23 ടീമിലേക്ക് താരത്തിന് വിളിവന്നു. അവിടെയും തിളങ്ങിയതോടെ 2024ലാണ് ഓസ്‌ട്രേലിയയുടെ സീനിയർ ദേശീയ ടീമിലേക്ക് നിഷാൻ തിരഞ്ഞെടുക്കപ്പെടുന്നത്. ചൈനയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. അന്ന് കളം നിറഞ്ഞ് കളിച്ച നിഷാൻ പകരക്കാരനായി ഇറങ്ങി വെറും ഏഴ് മിനിട്ടിനുള്ളിൽ തന്നെ തന്റെ ആദ്യ രാജ്യാന്തര ഗോളും കുറിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |