
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ നിക്ഷേപാവസരങ്ങൾ ചർച്ചാ വിഷയമായി. നിക്ഷേപകർക്ക് കേരളത്തിലെ അവസരങ്ങൾ അറിയാനും നിക്ഷേപം നടത്തുന്നതിൽ സംശയ നിവാരണത്തിനുമായി അമേരിക്കയിൽ 'ഇൻവെസ്റ്റ് ഡെസ്‌ക്' ആരംഭിക്കും. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സംയുക്ത പദ്ധതികൾ, അദ്ധ്യാപക-വിദ്യാർത്ഥി ആശയവിനിമയം തുടങ്ങിയ സാദ്ധ്യതകളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
ആരോഗ്യം, ആയുർവേദ ടൂറിസം മേഖലകളിലെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് സെർജിയോ ഗോർ അഭിപ്രായപ്പെട്ടു. രണ്ടിടത്തെയും പ്രധാന നഗരങ്ങളെ കോർത്തിണക്കി 'സിസ്റ്റർ സിറ്റീസ്' മാതൃകയിലുള്ള പങ്കാളിത്ത സാദ്ധ്യതകൾ പരിശോധിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ എൻ.എസ്.കെ. ഉമേഷ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ, നോർക്ക ഡയറക്ടർ ആസിഫ് കെ.യൂസഫ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കൊച്ചി കാണാൻ
ട്രംപിന്റെ മരുമകനും
ചർച്ച നടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കിൾ ബൂലോസും ഗ്രാൻഡ് ഹയാത്തിൽ ഉണ്ടായിരുന്നു. ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവാണ്. ട്രംപിന്റെ വിശ്വസ്തനാണ് അംബാസഡർ സെർജിയോ ഗോർ. രാവിലെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇരുവരും ഹെലികോപ്ടറിലാണ് ഗ്രാൻഡ് ഹയാത്തിലെത്തിയത്. റോഡ് മാർഗം ആലപ്പുഴയിലേക്ക് പോയ ഇരുവരും രാത്രി മടങ്ങിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |