SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

കെ.എസ്.ആർ.ടി.സിയിൽ ആളെക്കൊല്ലും ഇരട്ടിപ്പണി,​ നികത്താതെ 1000 ഒഴിവ് 

READ ENGLISH VERSION
bus

തിരുവനന്തപുരം: വിശ്രമമില്ലാത്ത രാപകൽ ഓട്ടം രണ്ട് കെ.എസ്.ആർ.‌ടി.സി ജീവനക്കാരുടെ കൂടി ജീവനെടുത്തു. കോഴിക്കോട്- ബംഗളൂരു സൂപ്പർ ഡീലക്സ് ബസ് ഇന്നലെ കർണാടകയിൽ നിയന്ത്രണം വിട്ട് ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മിഥിലേഷിനും കണ്ടക്ടർ അരുണിനുമാണ് ദാരുണാന്ത്യം.

രാത്രി കോഴിക്കോട്ടു നിന്ന് പുറപ്പെട്ട ബസ് ഇന്നലെ രാവിലെ ആറരയ്ക്ക് ബിഡദിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. തുടർച്ചയായുള്ള ജോലിക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. താത്കാലിക ഡ്രൈവറാണ് വെള്ളയിൽ കുന്നത്തുതാഴംവയൽ സ്വദേശി മിഥിലേഷ്. മൈസൂരു സർവീസ് കഴിഞ്ഞ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയത് വെള്ളിയാഴ്ച പുലർച്ചെ. രാത്രി ബംഗളൂരു സർവീസിൽ വീണ്ടും ഡ്യൂട്ടിക്കുകയറി. അധികമായി ഡബിൾ ഡ്യൂട്ടി ചെയ്താൽ 1820 രൂപ ലഭിക്കും.

ചട്ടപ്രകാരം ഒരു ഡബിൾ ഡ്യൂട്ടിക്ക് (16 മണിക്കൂർ) അടുത്ത ദിവസം ഓഫ് നൽകണം. പക്ഷേ,​ പകരക്കാരനില്ലാതെ അടുത്ത സർവീസ് മുടങ്ങുമെന്നാകുമ്പോൾ ഡബിൾ ഡ്യൂട്ടി നോക്കിയ ജീവനക്കാരനെ വീണ്ടും നിയോഗിക്കും. സ്ഥിരം ജോലിക്കാരെ എടുക്കാതെ, താത്കാലികക്കാരെ അമിത ജോലി ഭാരത്താൽ വലച്ച് കെ.എസ്.ആർ.ടി.സി പന്താടുന്നത് യാത്രക്കാരുടെയും ജീവനാണ്. ഡ്രൈവർ,​ കണ്ടക്ടർ തസ്തികകളിൽ ആയിരത്തിലേറെ ഒഴിവുണ്ട്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് പുതിയ സർക്കാരിലെ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങളെല്ലാം പഴയപടിയാണ്. ആശ്രിത നിയമനങ്ങളും നടക്കുന്നില്ല.

 ഡ്രൈവർ കം കണ്ടക്ടറില്ല

ദീർഘദൂര സർവീസിനു ഡ്രൈവർ കം കണ്ടക്ടറെ മാത്രമേ നിയോഗിക്കാവൂ എന്നാണ് ചട്ടം. സീറ്റുകൾ ഓൺലൈനായി റിസർവ് ചെയ്താണ് യാത്രക്കാരെത്തുക. അതുകൊണ്ട് കണ്ടക്ടർക്ക് കാര്യമായ ജോലിയില്ല. രണ്ടു പേരും മാറിമാറി ഓടിച്ചാൽ അപകടം കുറയും. അപകടത്തിൽ മരിച്ച ചേവായൂർ സ്വദേശി എൻ.എം.അരുൺ കണ്ടക്ടർ തസ്തികയിലുള്ളയാളാണ്. ജൂലായിലാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ 700 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇനി വേണം നിയമനം നടത്താൻ.

കണ്ണിൽ വിക്സ് തേച്ച് ഓട്ടം

അധിക ഡ്യൂട്ടി എടുക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഡ്രൈവർ കണ്ണിൽ വിക്സ് തേച്ച് വാഹനം ഓടിക്കുന്ന പതിവുണ്ടായിരുന്നു. വാഹനാപകടങ്ങളുടെ എണ്ണം കൂടിയപ്പോഴാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തിക കൊണ്ടുവന്നത്. സ്വിഫ്റ്റ് ബസിൽ താത്കാലിക ജീവനക്കാരാണുള്ളത്. അവർക്കും വിശ്രമമില്ലാതെ ഡ്യൂട്ടി നൽകും. ഈയിടെ തിരുവനന്തപുരത്ത് ഇത്തരത്തിൽ ഡ്യൂട്ടി നോക്കിയ ജീവനക്കാരി കുഴഞ്ഞുവീണിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA