
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പരമ്പരാഗത ഫാനുകൾ മാറ്റി ബി.എൽ.ഡി.സി ഫാൻ സ്ഥാപിക്കാൻ ക്യാമ്പയിൻ. ഊർജ്ജ വകുപ്പിന് കീഴിലെ എനർജി മാനേജ്മെന്റ് സെന്ററാണ് (ഇ.എം.സി) പിന്നിൽ.
സാധാരണ ഫാൻ പ്രവർത്തിക്കാൻ 74 വാട്ട്സ് വൈദ്യുതി ആവശ്യമുണ്ട്. ബി.എൽ.ഡി.സിക്ക് 28 - 35 വാട്ട്സ് മതിയാകും. ഒരു വീട്ടിൽ ശരാശരി 3 ഫാൻ ഉപയോഗിക്കുന്നുണ്ട്.
ബി.എൽ.ഡി.സിയിലേക്ക് കൂട്ടത്തോടെ മാറിയാൽ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാകും. ഉപഭോക്താക്കളുടെ ബില്ലും കുറയും. പഴയ ഫാൻ കൊടുത്ത് ഡിസ്‌കൗണ്ടോടെ ബി.എൽ.ഡി.സി ഫാൻ വാങ്ങാനുള്ള പദ്ധതിയും നടപ്പാക്കും. ഗുണനിലവാരമുള്ള ഫാനുകൾ 2500 രൂപ മുതൽ വിപണിയിലുണ്ട്. പഴയ ഫാൻ സ്വീകരിച്ച് 50% വരെ വിലക്കുറവ് നൽകുന്ന പ്രമുഖ കമ്പനികളുണ്ട്.
പ്രവർത്തനം
സാധാരണ ഫാനുകളിൽ എ സി കറണ്ടിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ മോട്ടോറാണ്. അതിൽ ഉരസലും ചൂടും കൂടുതലായതു കൊണ്ടാണ് കൂടുതൽ വൈദ്യുതി വേണ്ടിവരുന്നത്. ബി.എൽ.ഡി.സിയിൽ (ബ്രെഷ്‌ലെസ് ഡയറക്ട് കറണ്ട്) ബ്രഷ് ഇല്ലാത്ത ഡി.സി മോട്ടോറും സ്മാർട്ട് കൺട്രോളറുമാണ്. എ.സി കറണ്ടിനെ ഡി.സിയാക്കി മാറ്റിയശേഷം മോട്ടോറിലേക്ക് എത്തിക്കും. കുറഞ്ഞ ശബ്ദം,റിമോട്ട് കൺട്രോൾ, ഇൻവെർട്ടറിൽ കൂടുതൽ സമയം പ്രവർത്തിപ്പിക്കാം തുടങ്ങിയ ഗുണങ്ങളുമുണ്ട്.
''കരുതലോടെ വൈദ്യുതി ഉപയോഗിച്ചാൽ ഊർജ്ജപ്രതിസന്ധി വലിയൊരളവിൽ പരിഹരിക്കാനാവും
- ഡോ.ആർ.ഹരികുമാർ (ഡയറക്ടർ, ഇ.എം.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |