
കണ്ണൂരിലെ പ്രശ്നങ്ങളും തോൽവിക്ക് ഇടയാക്കി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാടെ പരാജയപ്പെട്ടെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. പാർട്ടി സംഘടനാ പ്രവർത്തനം താളം തെറ്റിയതിനാൽ ,പുതിയ നേതൃത്വം വരണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് സൂചന. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
പാർട്ടി സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ സജീവമാക്കാനോ കഴിഞ്ഞില്ല. കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംസ്ഥാനത്താകെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. പാർട്ടി നേതൃത്വം ഇടപെട്ടിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. പിണറായിയുടെ ശൈലിയും പരാജയത്തിനിടയാക്കി.
ശബരിമല സ്വർണക്കൊള്ള കേസും എൽ.ഡി.എഫിന് കനത്ത പരാജയത്തിനിടയാക്കി. ഇതു സ്ത്രീകളടക്കമുള്ളവരെ പാർട്ടിക്ക് എതിരാക്കി . ന്യൂനപക്ഷ ഏകീകരണമുണ്ടാവുക കൂടി ചെയ്തതോടെ വലിയ പരാജയം നേരിടേണ്ടി വന്നു. മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മേയറെന്ന നിലയിലുള്ള പ്രവർത്തനം ജനങ്ങളെ പാർട്ടിക്ക് എതിരാക്കി മുൻ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവരാണ് ആര്യാ രാജേന്ദ്രനെ വിമർശിച്ച് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകളടക്കം എതിർത്തെന്നും, കാറിത്തുപ്പുന്നത് പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും വി.ശിവൻകുട്ടി പറഞ്ഞതായാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |