
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പട്ട് അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച 20 വർഷം കഠിനതടവ് ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
അതിജീവിതയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും പരിശോധിക്കുമ്പോൾ പ്രതികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. ഒന്നാം പ്രതിയായ പൾസർ സുനിക്ക് കുറ്റകൃത്യത്തിന് വേണ്ട സഹായങ്ങൾ സലിം നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ ഇയാളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരിയിൽ നിന്ന് വണ്ടിയിൽ കയറിയ പ്രദീപും കുറ്റകൃത്യത്തിൽ പങ്കാളിയാണ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ശിക്ഷ മരവിപ്പിക്കാൻ തക്ക പ്രത്യേക സാഹചര്യങ്ങളില്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞു എന്നത് ശിക്ഷ മരവിപ്പിക്കാൻ മതിയായ കാരണമല്ല. വിചാരണ കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |