
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിനമായ ഇന്നലെ ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ഉച്ച വരെ വി.ഡി.സതീശൻ. മുഖ്യമന്ത്രിയാണ് ധനകാര്യ , തുറമുഖ ,നിയമകാര്യ വകുപ്പുകളും കൈകാര്യം ചെയ്യുന്നത്.
രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സന്ദർശക തിരക്ക് കാരണം ഇറങ്ങാനായത് 8.30 ന് . ഓഫീസിൽ ആദ്യമെത്തിയത് ഫിനാൻസ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ . ധവളപത്രം തയ്യാറാക്കുന്നതിന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ആദ്യ ചർച്ച. മുൻ ക്യാബിനറ്റ് സെക്രട്ടറി ഡോ.കെ.എം ചന്ദ്രശേഖരൻ ചെയർമാനായുള്ള പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തു.ഇതിനിടെ, മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എത്തി. വിവിധ ഫയലുകളുമായി ഉദ്യോഗസ്ഥരും മറ്റ് സ്വകാര്യ സന്ദർശകരും തുടരെ എത്തിയതോടെ നിന്നു തിരിയാനാവാത്ത വിധം തിരക്കിലായി മുഖ്യമന്ത്രി. തുടർന്ന് കിഫ്ബിയിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം കന്റോൺമെന്റ് ഹൗസിലേക്ക് പോയത്.
അവിടെയും സന്ദർശകരുടെ നീണ്ട നിരയായിരുന്നു.എല്ലാവർക്കും കൈകൊടുത്ത് ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.ഭാര്യ ലക്ഷിപ്രിയയ്ക്കൊപ്പം ഊണ് കഴിച്ചു. പതിവ് വിശ്രമത്തിനൊന്നും സമയം ലഭിച്ചില്ല.ഉച്ച കഴിഞ്ഞ് 3.30 ഓടെ വീണ്ടും ഓഫീസിലേക്ക്. അവിടം സന്ദർശകരെ കൊണ്ട് നിറഞ്ഞിരുന്നു.വീണ്ടും ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ചില മീറ്രിംഗുകൾ . രാത്രി എട്ടു മണി വരെയും ഓഫീസ് വിട്ടിറങ്ങാനായില്ല. ഇതിനിടെ, മന്ത്രിമാരുടെ വകുപ്പ് മാറ്റവുമായി ബന്ധപ്പെട്ട് ഫോണിലൂടെയും അല്ലാതെയുമുള്ള ചർച്ചകളും.
വൈറലായ ആ 'ചിരിഭാവം'
വിശദീകരിച്ച് സതീശൻ
തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തിനുള്ള മറുപടിയിൽ തന്റെ മുഖഭാവം വൈറലായതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വാഹന മോഡിഫിക്കേഷന് അനുമതി നൽകുമോയെന്ന് ചോദിച്ച യുവാവിനെ കണ്ട് വാത്സല്യം തോന്നിയാണ് താൻ അങ്ങനെ ചിരിച്ചത്. ചോദിച്ച പയ്യന്റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോൾ ഉള്ളിൽ ഒരു വാത്സല്യം തോന്നി. പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തിൽ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ. ആ പയ്യൻറെ മുഖം കണ്ടപ്പോൾ പിള്ളേരോടും മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നേ ഉള്ളു'- ചിരിയോടെ വി.ഡി സതീശൻ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ചിരിയും മുഖഭാവവും ഉൾപ്പെടുത്തി 'പൂക്കി മുഖ്യമന്ത്രി' എന്ന പേരിൽ നിരവധി റീൽസുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |