
തിരുവനന്തപുരം: വയോജനങ്ങളെ ചേർത്തുപിടിക്കാൻ വി.ഡി സർക്കാർ ആവിഷ്കരിച്ച ക്ഷേമവകുപ്പിന് കാതോർക്കുകയാണ് കേരളം. മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞപോലെ ഇവിടെയും വരുമോ ജപ്പാനിലെ "ഇക്കിഗായ്" മാതൃക? ജപ്പാൻ കുടിവെള്ള പദ്ധതിപോലെ ഫലപ്രദമാകുമോ ഇത്?
രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കായി സംസ്ഥാനത്ത് പ്രത്യേക ക്ഷേമവകുപ്പ് വരുന്നത്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
കാൽനൂറ്റാണ്ടുമുമ്പ് 2001 ജനുവരിയിലാണ് ജപ്പാനിൽ വയോജന ക്ഷേമവകുപ്പ് തുടങ്ങിയത്. അവിടെ 29% വയോജനങ്ങളുണ്ട്.കേരളത്തിൽ 19%. ശരാശരി ആയുസ് ജപ്പാനിൽ 85 വയസ്. കേരളത്തിൽ 80.അധികം താമസിയാതെ കേരളം ജപ്പാന് ഒപ്പമെത്തുമെന്നാണ് കണക്കുകൾ.
സംസ്ഥാനത്ത് വയോജനങ്ങളെ പ്രത്യേകം കരുതാൻ തുടങ്ങിയത് വി.എസ് സർക്കാരിന്റെ കാലത്താണ്. 2007ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ വയോജന നയം കൊണ്ടുവന്നു. ഇതനുസരിച്ച് 2008ൽ വയോജനകൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. നിയമസഹായത്തിന് വയോജന കമ്മിഷൻ,സൗജന്യമരുന്നിനും കൗൺസലിംഗിനും വയോമിത്രം,ഒത്തുകൂടാൻ പകൽവീട് എന്നിവയ്ക്ക് തീരുമാനമെടുത്തിരുന്നു. ഒന്നും കാര്യമായി നടപ്പിലായില്ല
വയോജന മന്ത്രി?
വയോജന ക്ഷേമത്തിന് മാത്രമായി പ്രത്യേക വകുപ്പ് തുടങ്ങുമ്പോൾ അതിനായി മന്ത്രിയും വേണ്ടിവരും.നിലവിൽ സാമൂഹ്യക്ഷേമവകുപ്പാണ് ഇതെല്ലാം നോക്കുന്നത്.പുതിയ വകുപ്പ് വെറും സാങ്കേതികമല്ലെന്നും അത് പുതിയ നയസമീപനങ്ങളുടെ തുടക്കമാണെന്നും ജപ്പാനിലെ മാതൃകയിൽ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജപ്പാനിൽ എങ്ങനെ?
വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സിച്ച് കൂടുതൽ വൃദ്ധരാക്കാതെ അവരുടെ ആഹ്ളാദവും ആരോഗ്യവും നിലനിറുത്താൻ സഹായിക്കുകയാണ് ജപ്പാൻ രീതി.
വയോജനങ്ങൾക്ക് ഒത്തുകൂടാൻ നഗരകേന്ദ്രം,
പൊതുവാഹനങ്ങളിൽ സൗജന്യയാത്ര,
സൗജന്യ ചികിത്സ,ഒന്നിലേറെ നിലയുള്ള വീടാണെങ്കിൽ രണ്ടാംനിലയിലേക്ക് സർക്കാർ ചെലവിൽ ചെറിയ ലിഫ്റ്റ്,
ശരീരം ശോഷിക്കുന്നതും ഓർമ്മക്കുറവ് പരിഹരിക്കാനും ചികിത്സ,ഉറക്കക്കുറവ് പരിഹരിക്കാൻ സഹായങ്ങൾ, പ്രത്യേക ഇൻഷ്വറൻസ് പദ്ധതി,പുനരധിവാസ കേന്ദ്രങ്ങൾ.വീടുകളിലെത്തിയുള്ള ആരോഗ്യചികിത്സ,സാന്ത്വന ചികിത്സ. ഇഷ്ടമുള്ള സ്ഥലത്ത് ജീവിക്കാൻ അവസരം എന്നിവ കേരളത്തിലും ഒരുക്കേണ്ടിവരും.ജറിയാട്രിക് ആശുപത്രി മുതൽ ജറിയാട്രിക് വളന്റിയർ വരെയുള്ള സംവിധാനങ്ങളും വേണ്ടിവരും.
സന്തോഷം വരാൻ
വയോജനങ്ങളെ സന്തോഷവാൻമാരാക്കാൻ സൗഹൃദ സംഘങ്ങൾ, പാർക്കുകൾ,
ആരോഗ്യം നിലനിറുത്താൻ സഹായിക്കുന്ന വ്യായാമപദ്ധതികൾ,ഭക്ഷണ കിറ്റുകൾ,വയോജനങ്ങളെ സേവിക്കാൻ പ്രത്യേക പരിശീലനം നൽകുന്ന ജറിയാട്രിക് നഴ്സിംഗ്,ജറിയാട്രിക് ഡോക്ടർ, പുതിയ പെറ്റ് റോബോട്ടുകളെ വികസിപ്പിക്കാൻ ഗവേഷണ സംവിധാനങ്ങൾ എന്നിവയും വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |