SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

ധവളപത്രം ഇറക്കാൻ സമിതി: ഡോ. ചന്ദ്രശേഖർ അദ്ധ്യക്ഷൻ

chandrasekhar

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുമുന്നണി ഭരണത്തിൽ സംസ്ഥാനത്തെ ധനസ്ഥിതി എങ്ങനെയായെന്ന് വ്യക്തമാക്കുന്ന ധവള പത്രം തയ്യാറാക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. 10 ദിവസത്തിനുള്ളിൽ ധവളപത്രം തയ്യാറാക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം. കാബിനറ്റ് സെക്രട്ടറിയും ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷനുമായിരുന്ന ഡോ. കെ.എം. ചന്ദ്രശേഖരനാണ് വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതി കൺവീനറും സാമ്പത്തിക വിദഗ്ദ്ധൻ ഡോ. നാരായണ, സി.ഡി.എസ് ഡയറക്ടർ ഡോ.വീരമണി എന്നിവർ അംഗങ്ങളുമാണ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

സമിതിയുടെ ആദ്യയോഗം ഇന്നലെ ചേർന്നു. പരിഗണനാവിഷയങ്ങളും മേഖലകളും ചർച്ച ചെയ്തു.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്നും കേന്ദ്രസർക്കാരിന്റെ പ്രതികാരമനോഭാവമാണ് പണഞെരുക്കത്തിന് കാരണമെന്നുമാണ് ഇടതുമുന്നണിയുടെ അവകാശവാദം. സർക്കാർ ജീവനക്കാർക്ക് ഏതാനും ആനുകൂല്യങ്ങളല്ലാതെ ഒന്നും കുടിശികയല്ലെന്നും ഖജനാവിൽ 6000 കോടിരൂപ നീക്കിയിരുപ്പുണ്ടെന്നും മുൻധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാൽ,​ 10വർഷത്തെ ഇടതുമുന്നണി ഭരണകാലത്തെ ധൂർത്തും കെടുകാര്യസ്ഥതയും ധനസ്ഥിതി തകർത്തിരിക്കുകയാണെന്നാണ് യു.ഡി.എഫ് പറയുന്നത്. ഇടതുമുന്നണി സർക്കാർ ഭരണകാലത്തെ ധൂർത്തും വായ്പാ ബാദ്ധ്യത കൂട്ടിയതും കൊടുത്തു തീർക്കാനുള്ള ബാദ്ധ്യതയും ധവളപത്രത്തിൽ ഉൾപ്പെടുത്തും. ജനങ്ങളെക്കൂടി തെളിവ് സഹിതം ബോധ്യപ്പെടുത്താനാണിത്. അതിനുശേഷം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള സമയബന്ധിത പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി വിജയൻ സർക്കാർ തൊട്ടുമുമ്പത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സാമ്പത്തിക ധൂർത്ത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. ജൂൺ 5നാണ് പുതിയ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി ധവള പത്രം പുറത്തിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA