
കൊച്ചി: വിജിലൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതിക്ക് അധികാരമുണ്ടെന്നു കരുതി സർക്കാർ തെറ്റായ തീരുമാനമെടുത്താൽ റദ്ദാക്കുമെന്ന് ഹൈക്കോടതി. സർക്കാർ സ്വേച്ഛാപരമായി പ്രവർത്തിക്കരുത്. രേഖകൾ പരിശോധിച്ചാവണം തീരുമാനം. അല്ലെങ്കിൽ ആയിരം തവണ പാസാക്കിയാലും ഉത്തരവ് റദ്ദാക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് മുന്നറിയിപ്പ്.
കശുഅണ്ടി അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയുള്ള ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തിയതിന് വ്യവസായ സെക്രട്ടറി കെ. ബിജു സമർപ്പിച്ച മാപ്പപേക്ഷ ഇന്നലെ പരിഗണിച്ചില്ല. അപേക്ഷ സ്വീകരിക്കണോയെന്ന് പിന്നീട് തീരുമാനിക്കും.
പ്രോസിക്യൂഷനുള്ള അനുമതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. ഉടൻ കൈമാറാൻ കോടതി നിർദ്ദേശിച്ചു. ആർ. ചന്ദ്രശേഖരന് പുറമേ കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷും പ്രതിയാണ്. 2006-2015ൽ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ 80 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |