SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

ഒമ്പതുകാരന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

muhammed-iyas

കാസർകോട്: പൊക്കിളിലെ അണുബാധയെത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒമ്പതുവയസുകാരൻ മരിച്ചത് ശസ്ത്രക്രിയാപ്പിഴവ് മൂലമെന്ന് ആരോപണം. ബേഡകം തലേകുന്ന് മരുതടുക്കം മദ്രസാ അദ്ധ്യാപകൻ അഷ്റഫ് സഖാഫിയുടെയും ബുഷ്റയുടെയും മകൻ മുഹമ്മദ് ഇയാസാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ശസ്ത്രക്രിയ നടത്താൻ ‌ഡോക്ടർക്ക് പണം നൽകേണ്ടിവന്നെന്നും കുടുംബം ആരോഗ്യമന്ത്രിക്കും ഡി.എം.ഒയ്ക്കും നൽകിയ പരാതിയിൽ പറയുന്നു.

മൂന്നുമാസം മുമ്പാണ് നാലാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭാവിയിൽ അണുബാധ ഉണ്ടാകാതിരിക്കാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള തീയതി നൽകിയില്ല. ഇതിനിടെ വേദന കൂടിയപ്പോൾ ശസ്ത്രക്രിയ വേഗത്തിൽ നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. പണം നൽകിയാലേ തീയതി നൽകാനാകൂവെന്ന് ഡോക്ടർ പറഞ്ഞെത്രേ. അനസ്തേഷ്യക്കായി 2000 രൂപയാണ് ആവശ്യപ്പെട്ടത്. ഇത് കൊടുത്തശേഷമാണ് ശസ്ത്രക്രിയയ്ക്ക് തീയതി നല്കിയത്.

ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. സർജറി പൂർത്തിയായെന്നും റിക്കവറി ഘട്ടത്തിലാണെന്നുമാണ് ആദ്യം അറിയിച്ചത്. എന്നാൽ,​ സർജറിക്കുശേഷം ഇയാസിന് ശ്വാസതടസം അനുഭവപ്പെടുകയും പൾസ് ക്രമാതീതമായി താഴേക്ക് പോവുകയും ചെയ്തു. 11.30ഓടെ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇഷാമയും ഇസ്മത്തുമാണ് ഇയാസിന്റെ സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA