SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം: പിണറായി

1

കണ്ണൂർ: മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ദുരന്ത സാഹചര്യം മുൻകൂട്ടിക്കണ്ട് മുൻകരുതലെടുക്കാത്തത് വലിയ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

ദുരന്ത മുഖത്ത് ജനങ്ങളെ ചേർത്തു പിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. എന്നാൽ സർക്കാരിന്റെ ഭാഗത്ത് പല വീഴ്ചകളുമുണ്ടായെന്ന് പിണറായി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂലായ് 31ന് അതിതീവ്ര മഴ ആരംഭിച്ച ഘട്ടത്തിൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നു. മണ്ണിടിച്ചലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ഒന്നും ചെയ്തില്ല. റാന്നിയിലുണ്ടായത് വലിയ നാശനാഷ്ടമാണ്. മൂഴിയാർ ഡാം മുൻകരുതൽ ഇല്ലാതെ തുറന്നത് മൂലം വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായി. ദുരന്തബാധിത പ്രദേശങ്ങളിൽ പലയിടങ്ങളിലും മന്ത്രിമാർ സന്ദർശിച്ചില്ല. ദുരിതാശ്വസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യവുമില്ലെന്ന പരാതിയുണ്ട്. കണ്ണൂർ ചെറുപുഴ ജോസ് ഗിരിയിൽ ഉരുൾപ്പൊട്ടി റോഡ് തടസ്സപ്പെട്ടിട്ട് ഒരാഴ്ചയായി. എന്നിട്ടും അത് നീക്കാൻ കഴിഞ്ഞില്ല. പുഴയിൽ കാണാതായവർക്കായുള്ള തെരച്ചിൽ വൈകി.

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. സവർക്കറെ മഹത്വവത്കരിക്കാനുള്ള കേന്ദ്ര അജൻഡയ്ക്ക് യു.ഡി.എഫ് സർക്കാർ വഴിയൊരുക്കുകയാണ്. ചരിത്രം പഠിച്ചാൽ ആർ.എസ്.എസ് എന്തെന്ന് മനസിലാകും. സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലും എന്നാണ് കേൾക്കുന്നത്. ഇത് തിരുത്തേണ്ടതുണ്ട്. ആദ്യത്തെ വരികൾ മാത്രം ചൊല്ലണമെന്നും ആർ.എസ്.എസിന് കീഴ്പ്പെടരുതെന്നും പിണറായി പറഞ്ഞു.

ക്ഷേമ പെൻഷനിലും

രാഷ്ട്രീയം വേണ്ട

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നത് നിറുത്തലാക്കിയത് നേരിട്ട് പോയി വാങ്ങാൻ കഴിയാത്തവർക്ക് പ്രതിസന്ധിയുണ്ടാകും. എല്ലാം രാഷ്ട്രീയ കണ്ണുകളോടെ കാണരുത്. കേരളത്തിന്റെ വലിയ നൊമ്പരമാണ് രാജേഷിന്റെ വിയോഗം. നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മൃതദേഹം കൊണ്ടുപോകുമ്പോൾ ഫ്രീസർ ആംബുലൻസ് പോലും ഒരുക്കിയില്ല. ഇത് അങ്ങേയറ്റത്തെ അനാദരവാണെന്ന് പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA