
തിരുവനന്തപുരം: അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങൾ സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകളിൽ വച്ചുപിടിപ്പിക്കും. സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡാണ് തിരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളുടെ വളപ്പുകളിൽ 'ചെറുവനങ്ങൾ' സജ്ജമാക്കുക. 20 സെൻറിൽ കുറയാത്ത സ്ഥലം ഇതിനായി മാറ്റിവയ്ക്കും. സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാവും. പദ്ധതി ആദ്യമായി നടപ്പാക്കുന്നതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന 4 സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ സഹായം ജൈവവൈവിദ്ധ്യബോർഡ് നൽകും. അടുത്തഘട്ടത്തിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും.
30 ഇനം സസ്യങ്ങൾ
കരിമരം (Diospyros bourdilloni), ആറ്റുകടമ്പ് (Neolamarckia cadamba), നാങ്ക് (Mesuva ferrea), പന്തം (Canarium strictum), ചെറു പുന്ന (Calophyllum austroindicum) തുടങ്ങീ 30 ഇനം സസ്യങ്ങളുടെ 350ൽ കുറയാത്ത തൈകൾ നട്ടുപിടിപ്പിച്ചാണ് 'ചെറുവനം' ഒരുക്കേണ്ടത്. നിലമൊരുക്കൽ, നടീൽ, ജലസേചനം, തുടർപരിപാലനം എന്നിവ ബന്ധപെട്ട സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. പരിസ്ഥിതി സൗഹൃദ വേലി കെട്ടി സംരക്ഷിക്കും. സസ്യങ്ങളുടേയും വൃക്ഷത്തെകളുടേയും പേര് എഴുതിയ ബോർഡുകളും സ്ഥാപിക്കും. ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്ക് 'ചെറുവന'പ്രദേശം ഉപയോഗിക്കാൻ പാടില്ല. താൽപര്യമുള്ള സ്ഥാപനങ്ങളിൽനിന്ന് ജൈവവൈധ്യബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ലക്ഷ്യമിടുന്നത്
1.അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങളുടെ സംരക്ഷണം
2. ഇത്തരം സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കൽ
3. ഉപയോഗിക്കാത്തതും തരിശായി കിടക്കുന്നതുമായ ഭൂമിയുടെ ഹരിതവൽക്കരണം
---------
'വിദഗ്ദ്ധസമിതി അനുയോജ്യമായ സ്ഥാപനങ്ങളെ തിരഞ്ഞെടുത്താവും പദ്ധതി നടപ്പാക്കുക'
- ഡോ.എൻ. അനിൽകുമാർ,
ചെയർമാൻ, സംസ്ഥാന ജൈവ
വൈവിദ്ധ്യ ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |