
കോട്ടയം: എം.ജി സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണ പോസ്റ്ററിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്ന് വിവാദം. സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ ഉള്ളടക്കം അനുവദിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ.ഡി. മാവൂത് സർക്കുലർ ഇറക്കി. സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ലെന്നും സർവകലാശാലയുടെ എംബ്ലം ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്നും സർക്കുലറിൽ പറയുന്നു. വി.സിയുടെ നിർദ്ദേശപ്രകാരം രജിസ്ട്രാർ ആണ് സർക്കുലർ പുറത്തിറക്കിയത്.
ആഗസ്റ്റ് 3 മുതൽ 6 വരെ നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണത്തിനായി യൂണിയന്റെ ഇൻസ്റ്റഗ്രാം പേജിലും ക്യാമ്പസിലും ഉപയോഗിച്ച പോസ്റ്ററിൽ അധികാരത്തിന്റെ പ്രതീകമായ ബൂട്ടിനുമുന്നിൽ നിൽക്കുന്ന പാറ്റയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പോസ്റ്റർ നീക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി വൈസ് ചാൻസലർക്ക് പരാതി നൽകിയതോടെയാണ് നടപടി. വി.സിയുടെ നടപടിക്കെതിരെ എസ്.എഫ്.ഐ സർവകലാശാലാ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ വൈസ് ചാൻസലർക്കാകില്ലെന്നും, സർവകലാശാലാ ഫണ്ട് ഉപയോഗിക്കുന്ന പരിപാടികളിൽ രാഷ്ട്രീയം പാടില്ലെന്ന് പറയുന്ന വി..സി തന്നെ സർവകലാശാലയുടെ വാഹനം ഉപയോഗിച്ച് സംഘപരിവാർ പരിപാടികളിൽ പങ്കെടുക്കുകയാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |