SignIn
Kerala Kaumudi Online
Monday, 27 April 2026 3.23 AM IST

പാമ്പുകടി ചികിത്സ : ആന്റിവെനം മാത്രംപോര, ഡോക്ടർമാരും വേണം; യഥാർത്ഥ പ്രതിസന്ധി തുറന്നുകാട്ടി സർക്കാർ ഡോക്ടർമാർ

Increase Font Size Decrease Font Size Print Page

1

തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവർക്കുള്ള ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടതുകൊണ്ടു കാര്യമില്ലെന്നും മതിയായ ചികിത്സാ സംവിധാനം ഒരുക്കണമെന്നും സർക്കാർ ഡോക്ടർമാർ. പാമ്പുവിഷമേറ്റ് ദിനംപ്രതി മരണങ്ങൾ സംഭവിക്കുകയും അതിൽ പലതും താലൂക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആക്ഷേപം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോക്ടർമാർ രംഗത്തെത്തിയത്.

താഴെത്തട്ടിലുള്ള ആശുപത്രികളിൽ വെന്റിലേറ്ററും ഐ.സി.യുവും കൃത്യമായ നിരീക്ഷണ സംവിധാനവും സജ്ജമല്ലെങ്കിൽ ആന്റിവെനം നൽകുന്നത്‌ രോഗിയെ അപകടത്തിലാക്കും. മാരകമായ അലർജി റിയാക്ഷനുകൾ മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുത്തും.

തീവ്രമായ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടായാൽ നേരിടാനുള്ള സൗകര്യങ്ങൾ വേണം. ജീവൻരക്ഷാ ഉപകരണങ്ങളും മുഴുവൻ സമയ ഡോക്ടർമാരും വേണം. ശ്വാസതടസം, ഹൃദയസ്തംഭനം പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വെന്റിലേറ്ററും ഐ.സിയുവും വേണം.

രോഗിയെ കൃത്യമായി നിരീക്ഷിക്കാനുള്ള ഡോക്ടർമാർ താലൂക്ക് തലം വരെയുളള ആശുപത്രികളിൽ ഇല്ലെന്നും അതിനാലാണ് മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതെന്നും കെ.ജി.എം.ഒ.എ പറയുന്നു.

കഴിഞ്ഞദിവസം ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ടുവയസുകാരൻ ദക്ഷലിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകിയില്ലെന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന ആശുപത്രികളിലെ പരിമിതികൾ വെളിപ്പെടുത്തിയത്.

ഭൂരിഭാഗം സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ തിരക്കുകൊണ്ട് ശ്വാസംമുട്ടുകയാണ്. ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുള്ള സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അർഹമായ ശ്രദ്ധയും സമയവും നൽകാനാകുന്നില്ല. നൂറുകണക്കിന്‌ രോഗികളെ ഒരേസമയം പരിശോധിക്കുന്നതിനിടയിൽ ആന്റി വെനം നൽകിയ രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

കൂടുതൽ ഡോക്ടർമാർ വേണം

1,അത്യാഹിതവിഭാഗത്തിൽ ഒരേസമയം ചുരുങ്ങിയത് രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം

2,പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുവരെ താത്കാല നിയമനം നടത്തണം

3,പാമ്പ് കടിയേറ്റവരെ സദാസമയം നിരീക്ഷിക്കാൻ ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും കഴിയണം

4. ആന്റിവെനം ലഭ്യമായ ആശുപത്രികളിൽ ഐ.സി.യു വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കണം

രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച്‌ രോഗികളെ തരംതിരിച്ച് ചികിത്സിക്കുന്ന സംവിധാനം നിലവിൽ വന്നാൽ മാത്രമേ അത്യാസന്ന നിലയിലുള്ളവർക്ക്‌ വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ സാധിക്കൂ. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾക്ക് ചികിത്സിക്കുന്ന ഡോക്ടർമാരെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം.

-ഡോ.സുനിൽ.പി.കെ

പ്രസിഡന്റ്
കെ.ജി.എം.ഒ.എ

TAGS: SNAKEBITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.