SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന വാദം സി.പി.എം ഏറ്റെടുക്കില്ല 

arrest

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന മുൻ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആരോപണം സി.പി.എം ഏറ്റെടുക്കില്ല. നിയമം അതിന്റെ വഴിക്കുപോകട്ടെ എന്ന നിലപാടിലാണ് സി.പി.എം. കോൺഗ്രസ് വിട്ടുവന്ന പ്രശാന്ത് പാർട്ടി അംഗംപോലുമല്ല.

സി.പി.എം നേതാക്കളും മുൻ ദേവസ്വം പ്രസിഡന്റുമാരുമായ എൻ. വാസുവും പത്മകുമാറും അറസ്റ്റിലായപ്പോഴും നിയമം അതിന്റെ വഴിക്ക് പോകുമെന്നായിരുന്നു പാർട്ടി പൊതുജനമദ്ധ്യത്തിൽ സ്വീകരിച്ച നിലപാട്.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ.പദ്മകുമാറാണ് സ്വർണക്കൊള്ള കേസിൽ ആദ്യം അറസ്റ്റിലായ മുൻ പ്രസിഡന്റ്. പദ്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടിയെടുക്കാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി വരെ വിലയിരുത്തിയിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പ്രശാന്ത് സി.പി.എം അനുഭാവിയായത്. 2023ൽ ദേവസ്വം ബോർഡ് പ്രസിഡന്റായി.

പ്രശാന്തിനെയും ഒന്നാം പിണറായി സർക്കാരിലെ ദേവസ്വം മന്ത്രിയെയും അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കൊണ്ടാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. എസ്.ഐ.ടി ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

പ്രശാന്തിന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്നാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും മുൻ ദേവസ്വം മന്ത്രി വി.എൻ.വാസവനും പ്രതികരിച്ചത് . നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും ഇടതുപക്ഷ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാൻ ഉണ്ടായിരുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. അന്നത്തെ നടപടികളാണ് അന്വേഷണ സംഘം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്തിന്റെ വീഴ്ചകളെക്കുറിച്ച് അറിയില്ലെന്നാണ് വി.എൻ.വാസവൻ പ്രതികരിച്ചത്. ഇടതു സർക്കാരിന്റെ കാലത്ത് നിയോഗിച്ച 5 ബോർഡ് പ്രസിഡന്റുമാരിൽ 3 പേരാണ് അറസ്റ്റിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA