പാലാ: പാലാ നഗരസഭയിൽ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ ഭരണപക്ഷമായ യു.ഡി.എഫിലെ നാല് കോൺഗ്രസ് കൗസിലർമാരും പിന്തുണച്ചതോടെ ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് പുറത്തായി. കോൺഗ്രസ് വിമതയും സ്വതന്ത്ര അംഗവുമായ വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. 21കാരി ദിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായിരുന്നു. വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ ആക്ടിംഗ് ചെയർപേഴ്‌സണായി ഇന്ന് ചുമതലയേൽക്കും.
26 അംഗ കൗൺസിലിൽ യോഗത്തിനെത്തിയ 17പേരും അവിശ്വാസത്തെ പിന്തുണച്ചു. 12 അംഗങ്ങളാണ് ഇടതുമുന്നണിക്കുള്ളത്.
കോൺഗ്രസ് കൗൺസിലർമാരായ സെബാസ്റ്റ്യൻ പനയ്‌ക്കൽ, റിയ ചീരാംകുഴി, സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവർ യോഗത്തിനെത്തിയില്ല. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മൂന്ന് കൗൺസിലർമാരും കെ.ഡി.പിയുടെ കൗൺസിലറും പാർട്ടി വിപ്പ് പ്രകാരം യോഗത്തിൽ പങ്കെടുത്തില്ല. ദിയയുൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്‌മയോട് കോൺഗ്രസ് കൗൺസിലർമാർ ഇടഞ്ഞതോടെയാണ് ഭരണപക്ഷത്ത് വിള്ളലുണ്ടായത്.
കൗൺസിലർമാരെ പുറത്താക്കി
അവിശ്വാസപ്രമേയത്തെ വിപ്പ് ലംഘിച്ച് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടിയും സ്വീകരിക്കും.
വിപ്പ് ലംഘിച്ചവർക്കെതിരെ കൂറുമാറ്റ കേസും വരും
വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് കേസ് കൊടുക്കുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു. തങ്ങൾക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കൗൺസിലർമാർ പറഞ്ഞത്. എന്നാൽ ഇവർക്ക് വിപ്പ് നൽകിയതിന് സാക്ഷികളുണ്ടെന്ന് സുരേഷ് വ്യക്തമാക്കി.
'അവിശ്വാസ പ്രമേയം ജനാധിപത്യത്തിൽ അംഗീകൃതമായ ഒരു സംവിധാനമാണ്. അത് പൂർണമായും സ്വീകരിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ അഭിമാനമുണ്ട്".
- ദിയ ബിനു പുളിക്കക്കണ്ടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |