SignIn
Kerala Kaumudi Online
Sunday, 31 May 2026 8.23 AM IST

ആ 'ശങ്ക' വേണ്ട; കാറിനുള്ളിൽ ടോയ്‌ലെറ്റ് ഒരുങ്ങും, പേറ്റന്റ് സ്വന്തമാക്കി ചൈനീസ് കമ്പനി

car

ദീർഘദൂരയാത്രകൾ ചെയ്യുന്നവർ പ്രധാനമായും നേരിടുന്ന പ്രതിസന്ധിയാണ് ടോയ്‌ലെറ്റുകളുടെ ലഭ്യത കുറവ്. യാത്രചെയ്യുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളുടെ അഭാവം പലരെയും വലയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, കാറിനുള്ളിൽ ടോയ്‌ലെറ്റ് ഒരുക്കുന്നതിനുള്ള പേറ്റന്റ് നേടിയിരിക്കുകയാണ് ചൈനീസ് കാർ നിർമ്മാതാക്കളായ സെറസ്. പേറ്റന്റിനായി ഏപ്രിൽ പത്തിന് സമർപ്പിച്ച അപേക്ഷയിൽ 'കാമ്പിംഗ് നടത്തുമ്പോഴോ കാറിൽ താമസിക്കുമ്പോഴോ ദീർഘയാത്രകളിൽ ഉപയോക്താക്കളുടെ ടോയ്‌ലെറ്റ് ആവശ്യങ്ങൾ നിറവേറ്റും' എന്ന വിശദീകരണമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ദീർഘദൂരയാത്രകളിൽ ഹോട്ടലുകളിൽ മുറിയെടുക്കാതെ കാറിൽതന്നെ കഴിയുന്നവർക്ക് ഈ സൗകര്യം കൂടുതൽ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്.

ഒരു ബട്ടൺ അമർത്തിയോ വോയ്‌സ് കമാന്റ് വഴിയോ പാസഞ്ചർ സീറ്റിനടിയിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന ഇൻ-കാർ ടോയ്‌ലറ്റിനുള്ള പേറ്റന്റാണ് കമ്പനി നേടിയിരിക്കുന്നത്. ടോയ്‌ലെറ്റിനായി പ്രത്യേക കംപാർട്ടുമെന്റ് ഉപയോഗിക്കുന്നതിനു പകരം യാത്രക്കാരെ യൂണിറ്റിനുമുകളിൽ നേരിട്ട് ഇരുത്തുന്ന രീതിയിലാണ് കാർ ഡിസൈനിംഗ് ചെയ്‌തിരിക്കുന്നത്.

ശുചിത്വത്തെക്കുറിച്ചും സുഖസൗകര്യങ്ങളെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിനുപരിഹാരമായി വാഹനത്തിൽ നിന്ന് ദുർഗന്ധം പുറംതള്ളുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. മൂത്രം ബാഷ്‌പീകരിക്കുന്നതിനും മാലിന്യങ്ങൾ ഉണക്കുന്നതിനും സഹായിക്കുന്ന സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിക്കും.

ഇന്റഗ്രേറ്റഡ് ടോയ്‌ലെറ്റ് ഘടിപ്പിച്ച വാഹനങ്ങൾ അവതരിപ്പിക്കുന്നതായി സെറസ് ഇതുവരെയും പ്രഖ്യാപിട്ടില്ല. എന്നിരുന്നാലും പേറ്റന്റിന്റെ അംഗീകാരം സാങ്കേതികവിദ്യയുടെ ഭാവി സാദ്ധ്യതകൾ സൂചിപ്പിക്കുന്നു. ചൈനയിലെ ഇലക്‌ട്രിക് എസ്‌യുവികൾക്ക് പേരുകേട്ട കമ്പനി ആഗോളതലത്തിൽ നിരവധി ഗവേഷണവികസന സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, CAR, MODERN CAR, FACILITY, DISCOVERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY